മാലിന്യസംസ്കരണം: പരിശോധന തുടങ്ങി
ഇരിങ്ങാലക്കുട: ജില്ലയിലെ മാലിന്യശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് വിലയിരുത്തുന്നു. പാഴ്വസ്തുസംഭരണ കേന്ദ്രങ്ങളില്‍ (എംസിഎഫ്) തീ പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട നഗരസഭയിലും പഞ്ചായത്തുകളിലുമുള്ള മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് എത്ര സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും ഇല്ലാത്തയിടങ്ങളില്‍ അടിയന്തരമായി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മാലിന്യക്കൂമ്പാരം ഇല്ലാത്ത വൃത്തിയുള്ള ഇടം സൃഷ്ടിക്കാനും എല്ലാ ജലാശയങ്ങളിലെയും ഖരമാലിന്യം നീക്കി നീരൊഴുക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവു നല്കി. ഇതിന്റെ മുന്നൊരുക്കം ഇതിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വാര് റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്.