സാമൂഹ്യ ദ്രോഹികള്‍ ചിറ പൊട്ടിച്ചു; നെല്‍കൃഷി വെള്ളത്തില്‍
നടവരമ്പ്: വേളൂക്കര പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജലസ്രോതസ്സായ നടവരമ്പ് കണ്ണം പൊയ്യച്ചിറ പൊട്ടിച്ചതിനെ തുടര്‍ന്ന് സമീപത്തെ കൊയ്ത്ത് പുരോഗമിക്കുന്ന പുഞ്ചപ്പാടത്ത് വെള്ളം കയറി 20 ഏക്കറോളം വരുന്ന നെല്‍കൃഷി വെള്ളത്തിലായി. പുഞ്ചപ്പാടത്തെ കര്‍ഷകര്‍ അവരുടെ കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളമെടുത്ത ശേഷം മഴയുടെ ലഭ്യത ഉറപ്പു വരുത്തിയാണ് ചിറ പൊട്ടിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി കൃഷിക്കാരെയോ പഞ്ചായത്തിനെയോ അറിയിക്കാതെ സാമൂഹ്യ ദ്രോഹികള്‍ ചിറ പൊട്ടിച്ചു വിടുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. അപ്രതീക്ഷിതമായി വെള്ളം എത്തിയതിനെ തുടര്‍ന്ന് കൊയ്ത്ത് നടന്നു കൊണ്ടിരിക്കുന്ന പുഞ്ചപ്പാടത്തെ കൊയ്തു വെച്ച വൈക്കോലും ഇനി കൊയ്യാനിരിക്കുന്ന കൃഷിയും വെള്ളത്തിലായി. നടവരമ്പ് കണ്ണം പൊയ്യച്ചിറ അനുവാദം കൂടാതെ പൊട്ടിച്ചതായി കാണിച്ച് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൃഷിക്കും ശുദ്ധജലലഭ്യതയ്ക്കുംവേണ്ടി കെട്ടിസംരക്ഷിക്കുന്ന ചിറ മീന്‍ പിടിക്കാന്‍വേണ്ടി പൊട്ടിച്ചതായാണ് കരുതുന്നതെന്ന് പരാതിയില്‍ പറയുന്നു.
കര്‍ഷകര്‍ക്ക് നഷ്ടം; കിണറുകളില്‍ ജലനിരപ്പ് താഴും
നിരവധി പ്രതിസന്ധികളെ മറികടന്ന് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. ആറു മാസത്തെ നെല്‍കൃഷിക്കുശേഷം ജലസംഭരണത്തിനായി കെട്ടിസംരക്ഷിക്കുന്ന കണ്ണംപൊയ്യച്ചിറ സമീപപ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നങ്ങള്‍ക്ക് പ്രധാന പരിഹാരമാണ്. കോമ്പാറ മുതല്‍ നടവരമ്പ് വരെയുള്ള പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം കുറയാതെ നിലനിര്‍ത്തുന്നതിന് സഹായകമാകുന്നത് ചിറയില്‍ വെള്ളം കെട്ടി സംരക്ഷിക്കുന്നത് മൂലമാണ്. ഇത്തവണ വേനല്‍ മഴയും ലഭിക്കാത്തതിനാല്‍ ചിറയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വെള്ളത്തിന്റെ അളവ് കുറവായിരുന്നു. ഉള്ള വെള്ളം തുറന്നുകളഞ്ഞതോടെ പ്രദേശത്തെ കൃഷി, കുടിവെള്ളം എന്നിവയെ സാരമായി ബാധിക്കും.