മേള കലാരത്നം കലാമണ്ഡലം ശിവദാസിന് ശിഷ്യന്മാര് വീരശൃംഖല നല്‍കും
ഇരിങ്ങാലക്കുട: വാദ്യകലാരംഗത്തെ അതുല്യ പ്രതിഭയായ കലാമണ്ഡലം ശിവദാസിന് ഇന്ന് വീരശൃംഖല നല്‍കും. നാലുപതിറ്റാണ്ടിലേറെയുള്ള വാദ്യരംഗത്തെ തന്റെ തപസ്യയിലൂടെ രണ്ടായിരത്തിലേറെവരുന്ന ശിഷ്യസമ്പത്തുളള്ള അദ്ദേഹത്തിന് മുപ്പതോളം രാജ്യങ്ങളില്‍ മേളം അവതരി്പ്പി്കുവാന് സാധിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് രാജമുദ്ര ചാര്‍ത്തിയ വീരശൃംഖല സമര്‍പ്പിക്കുന്നത്. പാലക്കാട് കൊല്ലങ്ങോട് പ്രസിദ്ധ സംഗീത കുടുംബത്തില്‍ 1964 ഡിസംബര്‍ 20ന് കെ. കുഞ്ഞിരാമ പണിക്കരുടെയും സത്യഭാമ അമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. വാദ്യകലയോടുള്ള താല്പര്യത്താല് പതിനൊന്നാം വയസുമുതല്‍ പലശന കുഞ്ചുമണി മാരാരുടെ കീഴില്‍ ഗണപതിക്കൈ കൊട്ടിക്കൊണ്ട് ചെണ്ട വാദനം അഭ്യസിക്കല്‍ ആരംഭിച്ചു. പതിമൂന്നാം വയസില്‍ തായമ്പകയിലൂടെ അരങ്ങേറ്റം നടത്തി. ശിവദാസിന്റെ കലാഭിരുചി തിരിച്ചറിഞ്ഞ കൊല്ലങ്കോട് വെങ്ങുനാട് കോവിലകം രാജാവ് വേണുഗോപാല വര്‍മ്മ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹത്തിന്റെ കഥകളിക്കൊട്ട് പഠിക്കാന്‍ നിര്‍ബന്ധിച്ച് തന്റെ ശുപാര്‍ശ കത്തുമായി കലാമണ്ഡലത്തിലേക്ക് പറഞ്ഞയച്ചു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്, ചന്ദ്രമന്നാടിയാര്‍ തുടങ്ങിയ പ്രശസ്തരുടെ കീഴിലുള്ള നാല് വര്‍ഷത്തെ അഭ്യാസം ശിവദാസിന്റെ വാദന മികവിനെ വാര്‍ത്തെടുത്തു. മേളകലയിലെ മികവിലൂടെ കേരള കസാമണ്ഡലത്തില് നിന്ന് കഥകളി ചെണ്ടയില്‍ ഡിപ്ലോമയും പോസ്റ്റ് ഗ്രാജുവേറ്റും നേടിയെടുത്തു. 1984ല്‍ ഗാന്ധി സേവാസദനത്തില്‍ ആറുമാസം വാദ്യ പരിശീലകനായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് ശിവദാസ് 1985ല്‍ ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ ചെണ്ട അധ്യാപന വൃത്തി ആരംഭിക്കുന്നത്. 35 വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം കലാനിലയത്തിന്റെ പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ശിവദാസ്. തൃശൂര്‍ പൂരം, പെരുവനം ആറാട്ടുപുഴ പൂരം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവം, ഏറ്റുമാനൂര്‍ മാഹാദേവ ക്ഷേത്രോത്സവം തുടങ്ങിയവ ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും മേളപ്രമാണിയാവാനും കുട്ടുചെണ്ടക്കാരനാവാനും ഇതിനകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പേരൂര്‍ ഗാന്ധി സേവാസദനം, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം എന്നീ സ്ഥാപനങ്ങളിലൂടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ചെണ്ട ആശാനായി പ്രവര്‍ത്തിച്ചുവരുന്ന ശിവദാസിന് കഥകളി മേഖലയില്‍ പ്രതിഭാധനരായ ഒരു യുവനിരയെ വാര്‍ത്തെടുക്കാനും കഴിഞ്ഞു. പാലക്കാട് സ്വദേശിയാണെങ്കിലും ഭാര്യ സിന്ധുവിനോടും മക്കളായ അപര്‍ണയോടും ഐശ്വര്യയോടുമൊപ്പം ഇപ്പോള്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ നടയിലുള്ള തത്ത്വമസിയിലാണ് ശിവദാസിന്റെ താമസം.
ശിഷ്യര്‍ സമ്മാനിച്ച വീരശൃംഖല ഏറ്റുവാങ്ങി കലാമണ്ഡലം ശിവദാസന്‍
ഇരിങ്ങാലക്കുട: രണ്ടായിരം ശിഷ്യര്‍ ഗുരുദക്ഷിണയായി സമ്മാനിച്ച വീരശൃംഖല കലാമണ്ഡലം ശിവദാസ് ഏറ്റുവാങ്ങി. മൃദംഗചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമന് വീരശൃംഖല കൈമാറി. സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മേളപ്രമാണികള്‍ പെരുവനം കുട്ടന്മാരാരും ചേര്‍ന്ന് പ്രശസ്തി പത്രം സമ്മാനിച്ചു. ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമര്‍പ്പണചടങ്ങ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.എം.വി. നാരായണന്, കലാനിലയം സെക്രട്ടറി സതീഷ് വിമലന്, പ്രവാസി വ്യവസായി വേണുഗോപാല മേനോന്, കൗണ്‍സിലര്‍ സന്തോഷ് ബോബന്, കലാനിലയം ഉദയന്‍ നമ്പൂതിരി, രാജേന്ദ്രവര്‍മ എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം ശിവദാസ് മറുപടി പ്രസംഗം നടത്തി. രാവിലെ നടന്ന ശ്രുതിലയത്തില്‍ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി കുറുങ്കുഴലിലും രാജേഷ് കല്ലേക്കുളങ്ങര പുല്ലാങ്കുഴലിലും തൃപ്പുണ്ണിത്തുറ കൃഷ്ണദാസ്, അരുണ്‍ കൃഷ്ണദാസ് എന്നിവര്‍ ഇടയ്ക്കയിലും മേളമൊരുക്കി. തുടര്‍ന്ന് നടന്ന ഇരട്ടത്രയ തായമ്പകയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും അദ്ദേഹത്തിന്റെ ഗുരുവായ സദനം വാസുദേവന്‍, കലാമണ്ഡലം ബലരാമന്, കലാനിലയം ഉദയന്‍ നമ്പൂതിരി, കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, പൊരുള്‍ ഉണ്ണികൃഷ്ണമാരാര്‍ എന്നിവര്‍ പങ്കെടുത്തു. മൈസൂര്‍ നാഗരാജ്, മൈസൂര്‍ മഞ്ജുനാഥ് എന്നിവരുടെ വയലിന് കച്ചേരിയും ശ്രദ്ധേയമായി. തിരുവാരൂര്‍ ഡോ. ഭക്തവത്സലം മൃദംഗത്തിലും ഗിരിധര്‍ ഉടുപ്പി ഘടത്തിലും പക്കമേളമൊരുക്കി. ചോറ്റാനിക്കര വിജയന് മാരാര്‍, കുറുശേരി അനിയന് മാരാര്‍, പരയ്ക്കാട്ട് തങ്കപ്പന് മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യത്തില്‍ അമ്പതിലേറെ കലാകാരന്മാര് പങ്കെടുത്തു. ഒന്നര മണിക്കൂറോളം നീണ്ട പഞ്ചവാദ്യം ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു. വീരശൃംഖല സമര്പ്പണചടങ്ങിനുശേഷം മൃദംഗ ചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമന്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യസമന്വയം അരങ്ങേറി. ഗിരിധര്‍ ഉടുപ്പി (ഘടം), ജി. ഗുരുപ്രസന്ന (ഗഞ്ചിറ), ആറ്റുകാല്‍ സുബ്രഹ്മണ്യം (വയലിന്) എന്നിവരും പങ്കെടുത്തു.