കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വൈദ്യുതി തടസപ്പെടുന്നു, മുമ്പത്തേക്കാള്‍ കുറവെന്ന് കെഎസ്ഇബി
കാട്ടൂര്‍: സിഡ്കോയുടെ കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്ന് പരാതി. മന്ത്രി പി. രാജീവ് ഇടപെട്ട് നേരത്തെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കിയിരുന്നെങ്കിലും ഇപ്പോഴും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വ്യവസായ സ്ഥാപനങ്ങളുടെയും അസോസിയേഷന് കെഎസ്ഇബിക്ക് മന്ത്രിമാര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് മോള്‍ഡിംഗ്, മോള്‍ഡ് മാനുഫാക്ചറിംഗ്, മെഷീന് പാര്‍ട്ട്സ്, ഫാബ്രിക്കേഷന്‍ തുടങ്ങിയ 15 വ്യവസായ സ്ഥാപനങ്ങള്‍ എസ്റ്റേറ്റില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കുന്നുണ്ട്. 85 തൊഴിലാളികള്‍ ഈ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ ദിവസത്തില്‍ എട്ടുമുതല്‍ പത്തുവരെ ഇടവിട്ടുണ്ടാകുന്ന വൈദ്യുതി തടസങ്ങള്‍ സംരംഭങ്ങളെ ബാധിച്ചു തുടങ്ങിയതായി അസോസിയേഷന് പറയുന്നു. ഇതുമൂലം യൂണിറ്റുകളിലെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മെഷീനുകള്‍ തകരാറിലായിത്തുടങ്ങി. ഓരോ തവണയും കറന്റുപോയി വരുമ്പോള്‍ മെഷീന് ഓണക്കുന്നതിന് അരമണിക്കൂറോളം സമയം എടുക്കുന്നുണ്ട്. ഇത് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. മഴക്കാലത്തിനു മുമ്പേ ചെയ്യേണ്ട ജോലികള്‍ ചെയ്യാത്തതാണ് ഇതിന് കാരണമെന്നാണ് സംരംഭകര്‍ പറയുന്നത്. ഇതുസംബന്ധിച്ച് അസോസിയേഷന് നേരത്തെ നല്കിയ പരാതിയില്‍ മന്ത്രി പി. രാജീവ് ഇടപെട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും തടസങ്ങളി ല്ലാതെ വൈദ്യുതി സ്ഥിരമായി ലഭ്യമാക്കാനായിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു ശാശ്വതപരിഹാരം ഉണ്ടാകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. മാത്രമല്ല മിനി എസ്റ്റേറ്റിലേക്ക് മാത്രമായി ഒരു ഡെഡിക്കേറ്റഡ് ഫീഡര്‍ അനുവദിച്ചു നല്‍കണമെന്നും അസോസിയേഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മുന്‍കാലങ്ങളിലെ പോലെ വൈദ്യുതി തടസങ്ങളില്ലെന്ന് കാട്ടൂര്‍ കെഎസ്ഇബി ഉദ്യഗസ്ഥര്‍ വ്യക്തമാക്കി. കിഴുപ്പിള്ളിക്കര ഫീഡറില്‍ നിന്ന് ഇതിനുള്ള വൈദ്യുതി നല്‍കുന്നുണ്ട്. കഴിഞ്ഞമാസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതികാലുകള്‍ ഒടിഞ്ഞുവീണും കമ്പികള്‍ പൊട്ടിയും പ്രശ്നങ്ങള്‍ ഉണടായിരുന്നു അതെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ഉദ്യഗസ്ഥര്‍ പറഞ്ഞു.