കരുവന്നൂര്‍ താത്കാലിക പാലം തകര്‍ന്നുവീണിട്ട് രണ്ടുമാസം; പുനര്‍നിര്‍മിക്കാനായില്ല
കരുവന്നൂര്‍: ശക്തമായ ഒഴുക്കില്‍ കനാലിനുകുറുകെ സ്ഥാപിച്ചിരുന്ന താത്കാലിക പാലം തകര്‍ന്നുവീണിട്ട് രണ്ടുമാസമായിട്ടും ഇതുവരെയും പുനര്‍നിര്‍മിക്കാനായില്ല. കരുവന്നൂര്‍ പുഴയില്‍നിന്ന് പുത്തന്‍തോട്ടിലേക്ക് വരുന്ന കനാലിനുകുറുകെ മുളകൊണ്ട് നിര്‍മിച്ച പാലമാണ് ശക്തമായ ഒഴുക്കില്‍ തകര്‍ന്നുവീണത്. പുഴയില്‍നിന്ന് ചണ്ടിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയ അവസ്ഥയിലായിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് കനാലിനുകുറുകെ പാലം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ഇരുകരയിലും കൃഷി ആവശ്യത്തിനുപോകുന്ന കര്‍ഷകര്‍ വഞ്ചിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. വര്‍ഷംതോറും തനതുഫണ്ടുപയോഗിച്ച് നഗരസഭയാണ് പാലം നിര്‍മിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എല്ലാ വര്‍ഷവും മഴ കഴിയുമ്പോള്‍ കെട്ടുന്ന പാലം അടുത്തവര്‍ഷം മഴ കഴിയുന്നതുവരെ നില്‍ക്കാറുണ്ട്. താല്ത്കാലിക സംവിധാനം മാറ്റി സ്ഥിരമായി പാലം നിര്‍മിക്കാന്‍ നഗരസഭ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇരുകരയിലുമുള്ളത് സ്വകാര്യ വ്യക്തികളുടെ ഭൂമിയായതിനാലാണ് സ്ഥിരം പാലം നിര്‍മിക്കാന്‍ തടസം. കഴിഞ്ഞദിവസം കൗണ്‍സിലര്‍ അല്‍ഫോണ്‍സാ തോമസിന്റെ നേതൃത്വത്തില്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം താത്കാലിക പാലം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി.