വെള്ളാങ്കല്ലൂര്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ്, ജീവനക്കാരനെ സസ്പെന്റ് ചെയ്തു
ഇരിങ്ങാലക്കുട: സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. വെള്ളാങ്കല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ ജീവനക്കരനെ ബാങ്ക് അധികൃതര്‍ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തു. ജൂണ്‍, ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ബാങ്കില്‍ നിക്ഷേപമുള്ള സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലായത്.
കോണത്തുക്കുന്ന് സ്വദേശി പ്രണവ് ബാങ്കില്‍ നാല് തവണകളായി നിക്ഷേപിച്ച 167.33 ഗ്രാം സ്വര്‍ണാഭരണളാണ് പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ആറ് ലക്ഷം രൂപയാണ് മുക്കുപണ്ടം പണയം വച്ച് പ്രണവ് ബാങ്കില്‍ നിന്നും വായ്പയെടുത്തത്. തട്ടിപ്പ് നടന്നതായി മനസിലായതോടെ ബാങ്ക് അധികൃതര്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി. പ്രണവിനെതിരെ പോലീസ് കേസെടുത്തു. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രണവിനെ അറസ്റ്റു ചെയ്യുവാന്‍ സാധിച്ചിട്ടില്ലന്നു പോലീസ് പറഞ്ഞു.
പ്രണവിനെ സഹായിച്ച ബാങ്കിലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്യുകയും സഹകരണ വകുപ്പു തല അന്വേഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തീട്ടുണ്ട്. പ്രണവ് ബാങ്കില്‍ മുക്കുപണ്ടം പണയം വക്കുമ്പോള്‍ കൂടുതല്‍ തവണ ഈ വിഭാഗം കൈക്കാര്യം ചെയതിരുന്നത് ഈ ജീവനക്കാരനാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ആറ് ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടപ്പിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇടതു മുന്നണിയുടെ നേതൃത്വത്തിലാണ് ബാങ്ക് ഭരണസമിതി.
സഹകരണ ബാങ്കിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ പോലീസ് കേസെടുത്തിട്ടും ഒത്താശ ചെയ്ത ബാങ്ക് ജീവനക്കാരനെ സസ്പെന്റ് ചെയ്തിട്ടും സിപിഎം ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദം മൂലം അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ഭരണ സമിതിയുടെ പങ്ക് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ബാങ്കിന്റെ വെള്ളാങ്കല്ലൂരിലുള്ള ഹെഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബാങ്കില്‍ നിലവില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം പരിശോധിക്കാനും വഴിയില്ലാത്ത ഭൂമികള്‍ക്ക് മതിപ്പ് വിലയെക്കാള്‍ കൂടുതല്‍ ലോണ്‍ കൊടുത്തു കോടികള്‍ കിട്ടാക്കടം ആയി കിടക്കുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ ഇടപെട്ടു യഥാര്‍ത്ഥ വസ്തുത ജനങ്ങളെ അറിയിക്കണമെന്നും ആയിരക്കണക്കിന് സഹകാരികളുടെ ആശങ്ക അകറ്റണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത്, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഷംസു വെളുത്തേരി, മണ്ഡലം വൈസ് പ്രസിഡന്റ് ടി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കള്ള പ്രചരണം കോണ്‍ഗ്രസ് ഗൂഡാലോചനയുടെ ഭാഗം-ബാങ്ക് പ്രസിഡന്റ്
കോണത്തുക്കുന്ന്: ബാങ്കിനെതിരെ നടത്തുന്ന കള്ള പ്രചരണവും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാങ്ക് പ്രസിഡന്റ് കെ.പി. ജോസ് പ്രസ്താവനയില്‍ പറഞ്ഞു. ബാങ്കില്‍ മുക്കുപണ്ടം പണയതട്ടിപ്പ് നടത്തിയ ആളെ യഥാസമയം പിടിക്കുകയും, പോലീസ് കേസെടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ജീവനക്കാരനെതിരെയും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക നഷ്ടവും ബാങ്കിന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ബാങ്കിനെ തകര്‍ക്കാനും സഹകാരികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബാങ്കിനെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങളില്‍ സഹകാരികള്‍ വഞ്ചിതരാകരുതെന്നും ബാങ്ക് പ്രസിഡന്റ് കെ.പി. ജോസ് പറഞ്ഞു.