കരുവന്നൂര്‍ ബാങ്ക്: 50 കോടിയുടെ രക്ഷാപാക്കേജ് പൊളിഞ്ഞു; കിട്ടിയത് 2 കോടി,സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പായില്ല; നിക്ഷേപകര്‍ക്കു നിരാശ
ഇരിങ്ങാലക്കുട: മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പാക്കേജില്‍ ലഭിച്ചത് വെറും രണ്ട് കോടി രൂപ മാത്രം. ആ തുകയാകട്ടെ, സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച കരുതല്‍ ധനമാണ്. ആശങ്ക പരിഹരിക്കുന്നതിന് കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി. ഒരാള്‍ക്കും ഒരുപൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും ആവശ്യത്തിന് പണം കിട്ടുന്നില്ല.
42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. ഇതോടെ രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പാക്കേജ് വെറും പാഴ്വാക്കായി. 50 കോടിയില്‍ 19.5 കോടി നിക്ഷേപം തിരികെ ചോദിക്കുന്ന അത്യാവശ്യക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ബാക്കി 30.5 കോടി, വായ്പ നല്കി ബിസിനസ് തുടങ്ങാന്‍ വിനിയോഗിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.
ആശുപത്രി ചെലവിനെങ്കിലും പണം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചവരെല്ലാം നിരാശരായി. കേരള ബാങ്കാണ് ധനസമാഹരണത്തിന് മുന്‍കൈയെടുക്കുമെന്ന് പറഞ്ഞിരുന്നത്. പക്ഷേ, സാങ്കേതിക കുരുക്കുകള്‍ കാരണം സംഗതി മുന്നോട്ട് നീങ്ങിയില്ല. ഇതിനിടയില്‍ നാല് ജീവനുകള്‍ പൊലിഞ്ഞു. ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേര് ആത്മഹത്യ ചെയ്യുകയും രണ്ടു പേര് ചികിത്സക്കു പണമില്ലാതെ മരിക്കുകയും ചെയ്തു.
മുന്‍ പഞ്ചായത്തംഗം കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടില്‍ ടി.എം. മുകുന്ദന് (63), മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടന്‍ ജോസ് (62) എന്നിവരാണ് ജീവനൊടുക്കിയത്. പൊറത്തിശേരി പഞ്ചായത്തംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഭരണ സമിതിയംഗവുമായിരുന്ന മുകുന്ദന് 2021 ജൂലൈ 22 നാണ് ജീവനൊടുക്കിയത്.
ഒക്ടോബര്‍ 28 നാണ് ജോസ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് ആത്മഹത്യകളുണ്ടായത്. രണ്ടുപേര്‍ ചികിത്സ കിട്ടാതെയും മരിച്ചു. ചികിത്യ്ക്ക് പണം പോലും ലഭിക്കാതെയാണ് അവര്‍ മരിച്ചത്. മാപ്രാണം ഏറാട്ടുപറമ്പില്‍ ദേവസിയുടെ ഭാര്യ ഫിലോമിന, തളിയക്കോണം എടച്ചാലി വീട്ടില്‍ രാമന് എന്നിവരാണ് മരിച്ചത്.
നിരവധി പേരാണ് ഇപ്പോഴും ചികിത്സയ്ക്കു പണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. പണം കിട്ടാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നിക്ഷേപം തിരികെ നല്കുന്നതില് ഇപ്പോള്‍ കോടതി മാനദണ്ഡം പാലിക്കണം. സീനിയോറിറ്റി അനുസരിച്ചേ തുക കിട്ടൂ. ഇപ്പോള്‍ തിരിച്ചു നല്‍കുന്നത് നിക്ഷേപത്തിന്റെ പത്തു ശതമാനവും പലിശയുടെ അമ്പത് ശതമാനവും മാത്രം.
കരുവന്നൂരില്‍ നടന്നത് ചെങ്കൊടി തണലിലെ വന്‍ തട്ടിപ്പ്;
ലക്ഷങ്ങള്‍ നിക്ഷേപം ഉണ്ടായിട്ടും ചികിത്സക്ക് കൊള്ളപലിശക്ക് പണം വാങ്ങേണ്ട അവസ്ഥ, ബാങ്കിന്റെ തിണ്ണയില്‍ നിന്നവന്റെ പേരില്‍ പോലും വ്യാജ ലോണ്‍
കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചു വെട്ടിലായവരില്‍ ഏവരും സാധാരണക്കാരും കൂലിപണിക്കാരുമായിരുന്നു. ഭരണത്തിന്റെ തണലില്‍ നടന്ന വന്‍ തട്ടിപ്പാണിത്. ബാങ്കിന്റെ പരിസരത്ത് കയറി നിന്നവന്റെ പേരില്‍ പോലും ലോണ്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ബാങ്ക് നല്കിയ വായ്പകളില്‍ പാസ്ബുക്കില്ലാത്ത വായ്പകളാണ് അധികവും.
50 ലക്ഷം രൂപും പലിശയും തിരിച്ചടയ്ക്കണമെന്നു കാട്ടി കരുവന്നൂര്‍ ബാങ്കില്‍നിന്നു ജപ്തി നോട്ടിസ് ലഭിച്ച ഒട്ടുമിക്കവരും ഒരേസ്വരത്തില്‍ ആവര്‍ത്തിക്കുന്ന ചില വാചകങ്ങളുണ്ട്: വായ്പയായി പാസാക്കിയെന്നു ബാങ്ക് പറയുന്ന പണം ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. ഈടായി രേഖകളൊന്നും ഞങ്ങള്‍ ബാങ്കില്‍ നല്‍കിയിട്ടില്ല. പാസ്ബുക്ക് അവര്‍ നല്‍കിയിട്ടില്ല. പിന്നെങ്ങനെ ജപ്തി നോട്ടിസ് വന്നു. എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയത്. പലരും ബാങ്കില്‍നിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങള്‍ക്ക് ലോണ്‍ ഉണ്ടെന്ന വിവരം പോലും അറിയുന്നത്.
വലിയ അബ്ക്കാരികളെയൊക്കെ വഴിവിട്ട് സഹായിക്കാനും ബാങ്ക് കൂട്ടുനിന്നിട്ടുണ്ട്. ഒരു അബ്ക്കാരി 10 ലക്ഷത്തിന്റെ നൂറ് കുറിയൊക്കെയാണ് അനധികൃതമായി എടുത്തത്. ഒരേ ആധാരം വെച്ച് 25 ലക്ഷം നാലും അഞ്ചുതവണ എടുത്തു. ഇല്ലാത്ത ഭൂമിയുടെ പേരില്‍ വ്യാജ രേഖ ചമച്ചും പണം തട്ടി. വാരിക്കോരി ലോണ്‍ നല്‍കുകയും പണം വകമാറ്റുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് വന്‍ സാമ്പത്തിക തട്ടിപ്പിന്റെ കേന്ദ്രമായി ഈ ബാങ്ക് മാറിയത്.
2021 ജൂലൈ 14നാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ രേഖകളുണ്ടാക്കിയും ആവശ്യമായ സെക്യുരിറ്റിയില്ലാതെയുമെല്ലം 2011 മുതല്‍ ബാങ്ക് അധികൃതര്‍ അനധികൃത ലോണുകള്‍ നല്‍കിയത്. പാര്‍ട്ടി നേതാക്കളും അവരുടെ ബിനാമികളും ബന്ധുക്കളുമെല്ലാമായിരുന്നു തട്ടിപ്പിലുണ്ടായിരുന്നത്. തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ട്.
226 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വായ്പ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്കില്‍ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്പ നല്കി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് എന്നിങ്ങനെ 226 കോടി രൂപ ബാങ്കിന് നഷ്ടമായി. വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടി രൂപയാണ്. പ്രതിമാസ ചിട്ടി നടത്തിപ്പില്‍ 19 കോടി തട്ടിപ്പ് നടത്തി. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 1.8 കോടിയുടെ ക്രമക്കേടും കണ്ടെത്തി.
നെല്ലായി സ്വദേശി ബാങ്ില് അംഗത്വം എടുക്കുന്നതിനായി നല്കിയ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ച് കൃത്രിമ രേഖകള്‍ ഉണ്ടാക്കി ഈ തട്ടിപ്പ് സംഘം 25 ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നു. 2016 മാര്‍ച്ചില്‍ ഈ വായ്പ തിരിച്ചടച്ച് ഇതേ ഉദ്യോഗസ്ഥര്‍, അതേ ദിവസം തന്നെ 50 ലക്ഷം രൂപ ഇതേ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തു എന്നും നെല്ലായി സ്വദേശി പരാതിയില്‍ പറയുന്നുണ്ട്. ലക്ഷങ്ങള്‍ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കാന്‍ കൊള്ള പരലിശക്ക് പണം വാങ്ങേണ്ട അവസ്ഥയിലാണ് പല നിക്ഷപകരും.
സഹകരണ വകുപ്പ് ഒഴിവാക്കിയവര്‍ ഇഡിയുടെ അന്വേഷണ വലയില്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ സഹകരണ വകുപ്പ് ഒഴിവാക്കുകയാണ് ഉണ്ടായത്. ഇടനിലക്കാരനായ കിരണ്‍, സൂപ്പര്‍മാര്‍ക്കറ്റ് ചുമതലയുള്ള റെജി അനില്‍ എന്നിവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കേസിലെ മുഖ്യപ്രതികളാണിവരെന്ന് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രധാന പ്രതികളാണ് ഇരുവരും. കിരണ്‍ 46 വായ്പകളില്‍ നിന്ന് 33.28 കോടി രൂപ തട്ടിയെന്നായിരുന്നു ിപ്പോര്‍ട്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ 25 പേരില്‍ നിന്ന് 125.84 കോടി പിടിച്ചെടുക്കാന്‍ കളക്ടര്‍ വി.ആര്. കൃഷ്ണതേജ നേരത്തെ ഉത്തരവിട്ടിരുന്നു.
സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തട്ടിപ്പ് നടന്ന കാലയളവില്‍ ചുമതല വഹിച്ചിരുന്ന 20 മുന്‍ ഡയറക്ടര്‍മാര്‍, മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് തുടങ്ങിയവരില്‍ നിന്നാണ് തുക ഈടാക്കുവാന്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
പണം അടയ്ക്കുന്നതിന് നിശ്ചിത സമയം നല്‍കുകയും അതിനുള്ളില്‍ പണം അടയ്ക്കാതിരുന്നാല്‍ ജപ്തി നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു. ജീവനക്കാരായിരുന്ന ടി.ആര്. സുനില്‍കുമാര്‍ (മുന്‍ സെക്രട്ടറി), എം.കെ. ബിജു (മുന്‍ മാനേജര്‍), സി.കെ. ജില്‍സ് (മുന്‍ അക്കൗണ്ടന്റ് ), എ.കെ. ബിജോയ് (മുന്‍ കമ്മിഷന് ഏജന്റ്), കെ.എം. മോഹനന് (വളം ഡിപ്പോ നടത്തിപ്പുകാരന്) എന്നിവരില്‍നിന്നും തട്ടിപ്പ് നടന്ന കാലയളവിലെ ഡയറക്ടര്‍മാരില്‍ നിന്നുമായിരുന്നു പണം ഈടാക്കുവാന്‍ നിര്‍ദേശിച്ചിരുന്നത്. ടി.ആര്. ഭരന്, സുമതി ഗോപാലകൃഷ്ണന് എന്നിവര്‍ മരിച്ചതിനാല്‍ അവകാശികളെ കക്ഷിചേര്‍ത്ത് പണം ഈടാക്കുവാനും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ കോടതി ഇടപ്പെട്ട തല്കാലം നിര്‍ത്തിവക്കുകയായിരുന്നു.