കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പാർട്ടിയിൽ പരാതിപ്പെട്ട സുജേഷ് രാജ്യംവിട്ടത് ജീവരക്ഷാർഥം
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ രാജ്യംവിട്ടതു ജീവരക്ഷാർഥം. സിപിഎം മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടാണ് (40) കുടുംബസമേതം വിദേശത്തേക്കു രക്ഷപ്പെട്ടത്. കരുവന്നൂർ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉൾപ്പെടുന്ന സിപിഎം മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ്. കരുവന്നൂർ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും കൂട്ടാളികളുംചേർന്ന് ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തുന്നുണ്ടെന്നു 2017ൽ സുജേഷ് പാർട്ടിയിൽ പരാതിപ്പെട്ടു. ലോക്കൽ, ഏരിയ, ജില്ലാ നേതാക്കളെയും വിവരമറിയിച്ചു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി.
2019 ജനുവരി 21ന് ബാങ്ക് മാനേജർ ബിജു കരീം, ബാങ്ക് മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ് എന്നിവരുടെ ഭാര്യമാരായ ജിത ഭാസ്കരൻ, ശ്രീലത ജിൽസ് എന്നിവർ ചേർന്നു നടവരന്പിൽ ഷീഷോപ്പി എന്നപേരിൽ വനിതാ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടകനായെത്തിയത് അന്നു സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീനായിരുന്നു. പരിപാടിക്കെത്തിയ സുജേഷ് കണ്ണാട്ടിനെതിരേ ബിജു കരീമിന്റെ സഹോദരൻ ഷിജു കരീം വധഭീഷണി മുഴക്കി. ഇതേക്കുറിച്ചു സുജേഷ് ഇതേവർഷം ഓഗസ്റ്റ് 16ന് ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകി.
പരാതികൾ പാർട്ടി അവഗണിച്ചതോടെ സുജേഷ് 2021 ജൂണ്‍ 14ന് ബാങ്കിനുമുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. മറ്റു പാർട്ടികൾ സമരം ഏറ്റെടുത്തു. തട്ടിപ്പിൽ അന്വേഷണമാരംഭിച്ചതോടെ പാർട്ടിയിലും എതിർപ്പു രൂക്ഷമായി. അഴിമതിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ എഴുതിയതോടെ വിശദീകരണം പോലും ചോദിക്കാതെ ജൂണ്‍ അവസാനം പാർട്ടിയിൽനിന്നു പുറത്താക്കി. ഇതിനിടെ, സുജേഷിനെ അപായപ്പെടുത്തുമെന്ന ന്റലിജൻസ് റിപ്പോർട്ടും പുറത്തുവന്നു. വധഭീഷണിയുമായി നിരവധി ഫോണ്‍കോളുകളെത്തി. പാർട്ടിയുടെ നോട്ടപ്പുള്ളിയായതോടെ 2013 ജൂലൈ 20ന് വിദേശത്തേക്കു രക്ഷപ്പെടുകയായിരുന്നു.