ആധുനിക അറവുശാലയ്ക്കായി കാത്തിരിപ്പ് തുടരുന്നു; പഴയ കെട്ടിടം പൊളിച്ചുനീക്കുന്നു
ഇരിങ്ങാലക്കുട: പ്രവര്‍ത്തനംനിലച്ച ഇരിങ്ങാലക്കുട നഗരസഭയുടെ അറവുശാല കെട്ടിടം 11 വര്‍ഷത്തിനുശേഷം പൊളിച്ചുനീക്കുന്നു. ആധുനിക അറവുശാല നിര്‍മിക്കുന്നതിനായിട്ടാണ് നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കുന്നത്. കിഫ്ബി മാനദണ്ഡങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ കരട് ഡിപിആറിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
ഡിപിആറിന്റെ കരട് തയാറായിട്ടുണ്ടെങ്കിലും അന്തിമ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി സ്ഥലത്തെ മണ്ണുപരിശോധന നടത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ അറവുശാല നില്ക്കുന്ന സ്ഥലത്ത് രണ്ടുനിലകളിലായി ആധുനിക സജീകരണങ്ങളോടുകൂടിയ പുതിയ അറവുശാലയാണ് നിര്‍മിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന അറവുശാല പരിസരവും കെട്ടിടവുമെല്ലാം കാടുകയറിയ അവസ്ഥയിലാണ്. ഈ കെട്ടിടം പൊളിച്ചു നീക്കിയതിനുശേഷം മണ്ണുപരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിവേണം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
2012 ഏപ്രിലിലാണ് അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചത്. അറവുശാലയുടെ മതിലിടിഞ്ഞുവീണ് മാലിന്യം പുറത്തേക്ക് ഒഴുകിയതോടെയാണ് തുടക്കം. മാലിന്യംനിറഞ്ഞ് പരിസരത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവല്‍കരിച്ച് മാടുകളെ അറക്കാന്‍ പാടില്ലെന്നുള്ള കോടതി ഉത്തരവുംനേടി.
ചട്ടങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡും നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയതോടെ അറവുശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറവുശാലയുടെ മതിലിന്റെ പുനര്‍നിര്‍മാണവും നഗരസഭയുടെ തനതുഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റ പണികളും നടത്തിയിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ട്രീറ്റ്മെന്റ് പ്ലാനിനായി 18.50 ലക്ഷവും ബയോഗ്യാസ് പ്ലാന്റിന് 31.50 ലക്ഷം രൂപയുമായി 50 ലക്ഷം വകയിരുത്തുയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടക്കാതെ പോകുകയായിരുന്നു. തുടര്‍ന്നാണ് കിഫ്ബിയെ സമീപിക്കാന്‍ നഗരസഭ തീരുമാനിച്ചത്.