സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരാതിക്കാരന് എം.കെ. സുരേഷ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് ഒപ്പമാണോ അല്ലെങ്കില്‍ പണം ചാക്കില്‍ കെട്ടി കടത്തിയവര്ക്കൊപ്പമാണോ സിപിഎം പാര്‍ട്ടി നില്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പരാതിക്കാരനായ എം.കെ. സുരേഷ്. എം.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്കെതിരെയാണ് സുരേഷ് രംഗത്തുവന്നിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എല്ലാ പ്രചാരണങ്ങളെയും ചെറുക്കും എന്നാണ് കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന് പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരനായ എം.കെ. സുരേഷ് വിമര്‍ശനവുമായി രംഗത്തുവന്നത്. പാവപ്പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പണമാണ് എ.സി. മൊയ്തീന് അടക്കമുള്ള ഒരു സുഹൃത്തിന്റെ കാറില്‍ അരവിന്ദാക്ഷന് ചാക്കില്‍ കെട്ടി കൊണ്ടുപോയത്. ആ നേതാക്കന്മാര്ക്ക് വേണ്ടി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി വാദിക്കുന്നത് തന്നെ പാര്‍ട്ടി അധപതിച്ചതിന്റെ തെളിവാണ്.
ഇഡി അന്വേഷണത്തിന്റെ ഭാഗമായി ഇനി അറസ്റ്റ് ചെയ്യുന്നവരെ കേരളത്തിന് പുറത്ത് ജയിലില്‍ പാര്‍പ്പിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. പരാതിക്കാരന് എന്ന നിലയില്‍ എം.കെ. സുരേഷിന്റെ മൊഴി മൂന്നുതവണ കൊടുത്തു. നാലാം തവണയും വിളിപ്പിക്കും എന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഈ കേസിലേക്ക് സിബിഐ അന്വേഷണം ഉണ്ടാകുമെന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കാന്‍ പോവുകയാണ്.
അടുത്ത ദിവസം സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും അതില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ കേസന്വേഷണത്തിന് ഇഡിക്കു പിന്നാലെ മറ്റൊരു കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം തുടങ്ങും.
കരുവന്നൂര്‍: തട്ടിച്ചത് 300 കോടി, തിരികെ കിട്ടിയത് 4449 രൂപ മാത്രം
കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്ന് കാണിച്ച് സെക്രട്ടറി ഇന്‍ചാര്‍ജ് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ട് രണ്ടുവര്‍ഷവും രണ്ടുമാസവും പിന്നിടുന്നു. ക്രൈം ബ്രാഞ്ചും സഹകരണ വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സമാന്തര അന്വേഷണം നടത്തിയെങ്കിലും ഇതേവരെ തിരിച്ചുകിട്ടിയത് 4,449 രൂപ മാത്രം.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ തിരിച്ചടയ്ക്കേണ്ട 125.83 കോടിയില്‍ ഒരാള്‍ മാത്രം തിരിച്ചടച്ച തുകയാണിത്. ബാങ്കിന്റെ വളം ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന കെ.എം. മോഹനനാണ് 4,449 രൂപ തിരിച്ചടച്ച് ബാ്യത തീര്‍ത്തത്. ബാങ്കിന്റെ 20 ഭരണസമിതിയംഗങ്ങളെയും അഞ്ചു ജീവനക്കാരെയുമാണ് സഹകരണ വകുപ്പ് പ്രതി ചേര്‍ത്തത്.
ഇവരുടെ വസ്തുക്കള്‍ ജപ്തിചെയ്യാന്‍ തുടങ്ങിയെങ്കിലും എല്ലാവരും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. 2021 ജൂലായ് 21നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. നൂറില്‍പ്പരം രേഖകളും പ്രതികളുടെ വസ്തുക്കളും പിടിച്ചെടുത്തെങ്കിലും ലേലം നടത്തി തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനായില്ല. അന്വേഷണം പാതി വഴിയിലാണ്.
2022 ഓഗസ്റ്റ് 11ന് കരുവന്നൂര്‍ ബാങ്കില്‍ റെയ്ഡോടെ അന്വേഷണം ആരംഭിച്ച ഇഡി അറസ്റ്റിലായ രണ്ടു പ്രതികളുടെയും സംശയത്തിന്റെ നിഴലിലുള്ള ഒരു സാക്ഷിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെങ്കിലും പണമൊന്നും സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനായില്ല. രണ്ടു വര്‍ഷമായി നിക്ഷേപകര്‍ ആറുമാസത്തിലൊരിക്കല്‍ പതിനായിരം രൂപ കിട്ടുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇഡിയും ക്രൈംബ്രാഞ്ചും ഇതുവരെ കണ്ടെത്തിയത് 45 കോടിരൂപയുടെ സ്വത്തും 58 സ്വത്തിനങ്ങളും.
ബാങ്കിന്റെ മുന്‍ കമ്മിഷന് ഏജന്റ് എ.കെ. ബിജോയിയുടെ എറണാകുളം ജില്ലയിലെ 30 കോടിയുടെ സ്വത്താണ് ഇഡി ആദ്യം കണ്ടുകെട്ടിയത്. ഇതിനുശേഷം തട്ടിപ്പില്‍ പങ്കാളികളെന്ന് കണ്ടത്തിയവരുടെ 15 കോടി വില വരുന്ന 36 വസ്തുക്കളും ഇഡി കണ്ടുകെട്ടി. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന് എംഎല്‍എയുടെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു.
തട്ടിപ്പില്‍ അഞ്ചുപ്രതികളുടെ 58 സ്വത്തിനങ്ങള് ക്രൈബ്രാഞ്ചും കണ്ടുകെട്ടി. തൃശൂര്‍ വിജലന്‍സ് കോടതിയുടെ ഉത്തരവിന്മേല് ആദ്യ നാലുപ്രതികളായ ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ്, കമ്മീഷന് ഏജന്റ് എ.കെ. ബിജോയ്, സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ റജി കെ. അനില്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇവര്‍ ബാങ്ക് തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ സ്ഥലങ്ങളും കെട്ടിടങ്ങളുമാണ് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്.
സുനില്‍കുമാറിന് തട്ടിപ്പിലൂടെ സ്വത്തില്ലാത്തതിനാല്‍ കണ്ടുകെട്ടാനായില്ല. പ്രതികല്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തിനങ്ങള് ഇത്തരത്തില്‍ ആര്‍ജിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിേജായിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒമ്പതേക്കര്‍ ഭൂമിയും ഇതില്‍പ്പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തികകാട്, കല്ലേറ്റുംകര എന്നിവിടങ്ങളിലാണ് മറ്റ് ഇടങ്ങള്‍.
എ.കെ. ബിജോയിയുടെ ഇരിങ്ങാലക്കുട കൊമ്പിശേരിയിലുള്ള വീട്ടിലെ കാറും ടെലിവിഷനും ഫ്രീഡ്ജും, വാഷ്ംഗ് മെഷീനുമാണ് സഹകരണവകുപ്പ് മുമ്പ് ജപ്തി ചെയ്തത്. ബാങ്കിന്റെ മുന്‍ മാനേജര്‍ ബിജു കരീമിന്റെ മാപ്രാണം സെന്ററില്‍ തെക്കുള്ള വീട്ടില്‍ നിന്ന് കസേര, മേശ, സെറ്റി, സോഫ, കട്ടില് തുടങ്ങിയവയാണ് ജപ്തി ചെയ്യ്തത്. 126 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.
കരുവന്നൂര്‍ റബ്കോയില്‍ 300 കോടിയുടെ തട്ടിപ്പ്: രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി, സിബിഐ വന്നാല്‍ റബ്കോ തട്ടിപ്പും അന്വേഷിച്ചേക്കും
കരുവന്നൂര്‍ സഹകരണ ബാങ്കിന് കീഴിലെ റബ്കോ ഏജന്‍സിയില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടും മറച്ചുവെച്ചന്ന് ആക്ഷേപം. സിബിഐ വന്നാല്‍ റബ്കോ തട്ടിപ്പും അന്വേഷിച്ചേക്കും.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എം.വി. സുരേഷ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി അടുത്തിടെ പരിഗണിക്കും.
ഇഡി വിശദാംശങ്ങള്‍ നല്കിയാല് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടും. 2003 മുതലുള്ള തട്ടിപ്പിനെപ്പറ്റി കരുവന്നൂര്‍ ബാങ്ക് എക്സറ്റന്ഷന് കൗണ്ടര്‍ മുന്‍ മാനേജര്‍ എം.വി സുരേഷ് സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിയമിതമായ രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന് 2011 ല്‍ നല്കിയ പരാതിയും പരിഗണിക്കപ്പെട്ടില്ല.
ഫര്‍ണിച്ചര്‍ വിറ്റ കോടിക്കണക്കിന് രൂപ അടിച്ചുമാറ്റി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയ എന്നാണ് ആക്ഷേപം. നിലവില്‍ കേസില്‍ വായ്പ തട്ടിപ്പ് കേസില്‍ ചിലരും ഇതില്‍ പങ്കാളികളാണ്. റിബ്കോയില് നിന്ന് സാധനങ്ങള്‍ കടം നല്‍കാറില്ലെങ്കിലും ഫര്‍ണിച്ചറുകളും മറ്റും കടം കൊടുത്തെന്ന് കാണിച്ചാണത്രേ തട്ടിപ്പ്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ 10 വര്‍ഷത്തിനിടയില്‍ നടന്ന ക്രമക്കേടാണ് പരിശോധിച്ചത്. ഇക്കാലയളവില്‍ റബ്കോയിലും ക്രമക്കേട് കണ്ടെത്തി. മൊത്തം കണക്കും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. നിലവില്‍ വായ്പ തട്ടിപ്പ് മാത്രമാണ് അന്വേഷിക്കുന്നത്.
പോലീസ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; ഇഡിയുടെ നീക്കങ്ങള്‍ ഇനി അതീവ രഹസ്യമായി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണങ്ങളുടെ ഭാഗമായുള്ള നീക്കങ്ങള്‍ ഇനി അതീവ രഹസ്യമായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം നടത്തുന്ന അഅന്വേഷണ വിവരങ്ങള്‍ രഹസ്യമായി പോലീസ് ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്. തട്ടിപ്പിലെ കള്ളപ്പണ ഇടപാട് നടത്തിയവര്‍ക്കും പാര്‍ട്ടിയിലെ ഉന്നതര്‍ക്കും പോലീസ് ഇക്കാര്യങ്ങള്‍ രഹസ്യമായി കൈമാറുന്നതായാണ് ഇഡി യുടെ ആരോപണം.