സ്കൂള്‍ പരിസത്ത് തെരുവു നായ്ക്കള്‍ക്ക് സുഖപ്രസവം തെരുവുനായയുടെ മാന്തലേറ്റ് വിദ്യാര്‍ഥിനി ചികിത്സയില്‍
ഇരിങ്ങാലക്കുട: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പൊതുജനം പരാതിപറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പക്ഷേ നാളിതുവരെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. നായ്ക്കളുടെ ശല്യം മൂലം ചെട്ടിപ്പറമ്പിലുള്ള ഗവ. ഗേള്‍സ് സ്കൂളിനു മുമ്പിലൂടെ നടന്നുപോകാന്‍പോലും ഭയമായിരുന്നു നാട്ടുകാര്‍ക്ക്. സ്കൂള്‍ കോമ്പൗണ്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു പിന്‍വശത്തായി ഇന്‍സിനേറ്റര്‍ സ്ഥാപിച്ചതിനു സമീപം രണ്ടു തെരുവുപട്ടികളാണ് സുഖപ്രസവത്തിനുശേഷം പത്തുകുട്ടികളുമായി കുടുംബസമേതം താമസിച്ചിരുന്നത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അവശിഷ്ടം കളയുന്നതിനും ചോറ്റുപാത്രം കഴുകുന്നതിനുംവേണ്ടി മറ്റു കുട്ടികളോടൊപ്പംപോയ ആറാം ക്ലാസുകാരിയായ പ്രവീണയുടെ നേരെയാണ് കഴിഞ്ഞദിവസം അവിടെ കിടന്നിരുന്ന തെരിവുനായ് ചാടിവീണത്. കടിയേല്‍ക്കുന്നതിനു മുമ്പ് പ്രവീണ ഓടിരക്ഷപ്പെട്ടെങ്കിലും നായയുടെ നഖംകൊണ്ടുള്ള പോറല്‍ ശരീരത്തിലേറ്റിരുന്നു. വിവരമറിഞ്ഞ സ്കൂള്‍ അധികൃതര്‍ പ്രവീണയെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വാക്സിനേഷന് അടക്കമുള്ള ചികിത്സകള്നല്കി.
തെരുവുനായ് ശല്യത്തെകുറിച്ച് സ്കൂള്‍ അധികൃതര്‍ നിരവധിതവണ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അവരാരും തിരിഞ്ഞുനോക്കാറില്ലത്രേ. വിദ്യാര്‍ഥിനിയെ നായ മാന്തിയ സംഭവം അറിഞ്ഞ ഉടന്‍ നഗരസഭ അധികൃതരെല്ലാം സ്ഥലത്തെത്തി തെരുവുനായ പിടുത്തക്കാരെ വിളിച്ചുവരുത്തി ആ ഭാഗത്തുണ്ടായിരുന്ന തെരുവുനായ്ക്കളെയും പിടിച്ചു കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. നിലവില്‍ തെരുവുനായ്ക്കളെ പിടിച്ചു കൊണ്ടുപോയാല്‍ പതിനാലുദിവസത്തിനകം അതേസ്ഥലത്തുതന്നെ കൊണ്ടു വിടണമെന്നാണേത്രേ നിയമം. അതാണ് തങ്ങളുടെ ഇപ്പോഴത്തെ പേടിയെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.