ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മരണം എട്ട്, ഒമ്പത് തീയതികളില്‍ ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: കഥകളിസംഗീതരംഗത്ത് ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെ നിയന്ത്രിച്ച മഹാസംഗീതജ്ഞന് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണം വിപുലമായ രീതിയില്‍ ഇരിങ്ങാലക്കുടയില്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. ഇക്കുറി കലാമണ്ഡലംകൂടി സഹകരിച്ചാണ് പരിപാടികള്‍. ഹിന്ദുസ്ഥാനിയുള്പ്പെടെ ദേശീയ സംഗീതപാരമ്പര്യത്തെ കഥകളിപ്പാട്ടില്‍ കൂട്ടിയിണക്കിയതാണ് ഉണ്ണിക്കൃഷ്ണകുറുപ്പിന്റെ വൈഭവം.
ശിഷ്യന്റെ സര്‍ഗസിദ്ധിയെ തിരിച്ചറിഞ്ഞ ഗുരു കലാമണ്ഡലം നീലകണ്ഠന് നമ്പീശന് വെങ്കലനാദം എന്നാണ് ശബ്ദത്തെ വിശേഷിപ്പിച്ചത്. കലാമണ്ഡലത്തില്‍നിന്ന് കുറുപ്പ് പോയത് അഹമ്മദാബാദിലെ മൃണാളിനി സാരാഭായിയുടെ ദര്പ്പണിയിലും കൊല്‍ക്കത്തയിലെ ശാന്തിനികേനിലേക്കുമാണ്. ഉത്തര്യേന്ത്യന്‍ സംഗീതസൗന്ദര്യം സ്വംശീകരിച്ച് കഥകളി സംഗാതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
കളമെഴുത്തുകലാകാരന് രാമക്കുറുപ്പിന്റെ മകനായി 1931 ല്‍ ജനിച്ച ഉണ്ണിക്കൃഷ്ണക്കുറുപ്പ് 1988 മാര്‍ച്ച് നാലിനാണ് അന്തരിച്ചത്. കലാമണ്ഡലം നീലകണ്ഠന് നമ്പീശന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്കൂടിയായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് ചേങ്ങില നിയന്ത്രിച്ച സമ്പന്നമായകാലം കഥകളിയുടെ ചരിത്രത്തിനുണ്ട്. ഇഴുക്കവും വശ്യതയുമെല്ലാം സമന്വയിച്ച സ്വരമാധുരിയില്‍ പ്രസാദപൂര്‍ണമായ, എണ്ണിയാല്‍ത്തീരാത്ത കഥകളിരാവുകള്‍. കഥകളിസംഗീതം അനുശാസിക്കുന്ന കേരളീയത ഉള്‍ക്കൊണ്ട ആലാപനവഴിയായിരുന്നു ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റേതെന്ന് കഥകളിസംഗീതജ്ഞര്‍ വിലയിരുത്തുന്നു.
1987 ഒക്ടോബര്‍ ഒമ്പതിന് ഗുരുവായൂര്‍ കഥകളിക്ലബ്ബിന്റെ അരങ്ങിലാണ് അദ്ദേഹം അവസാനമായി പാടിയത് നളചരിതത്തിലെ ഒരുനാളം നിരൂപിതമല്ലേ… എന്ന പദം. അന്നുമുതല്‍ 35 വര്‍ഷമായി തുടര്‍ച്ചയായി ഒക്ടോബര്‍ ഒമ്പത് കുറുപ്പ് അനുസ്മരണദിനമായി ഇരിങ്ങാലക്കുടയില്‍ ആചരിച്ചുവരുന്നുണ്ട്. കഥകളിക്ലബിന്റെ സഹകരണത്തോടെ നടത്തിവരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണം ഇരിങ്ങാലക്കുടയിലെ സാം്സ്കാരികോത്സവമായും മാറുകയാണ്. കഥകളി കലാകാരന്മാരും വിചക്ഷണന്മാരും ആസ്വാദകരും ഒത്തുചേരുന്നു.
സെമിനാറുകളും കഥകളിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള കഥകളിസംഗീതമത്സരം ഒട്ടേറെ ഗായകരെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എട്ടിന് ദേശീയ കഥകളിസംഗീത മത്സവും ഒമ്പതിന് വിപുലമായ അനുസ്മരണവും ഇരിങ്ങാലക്കുടയില്‍ നടക്കും. കലാമണ്ഡലംഗോപിയുടെ വേഷത്തോടെ കലാമണ്ഡലം അവതരിപ്പിക്കുന്ന മേജര്‍സെറ്റ് കഥകളി, സംഗീതാര്‍ച്ചന, സ്മാരക പ്രഭാഷണം, അനുസ്മരണസമ്മേളനം എന്നിവയുണ്ടാവും.