എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കാല്‍നട പ്രചരണ ജാഥക്ക് തുടക്കമായി
സഹകരണ മേഖലയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ രാജ്യത്തെ വമ്പന്‍ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം- മുന്‍ എംപി സി എന്‍ ജയദേവന് …
ഇരിങ്ങാലക്കുട: ഇടതുപക്ഷ വേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര എജന്‍സികളുടെ ശ്രമങ്ങള്‍ക്കുമെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥക്ക് തുടക്കമായി. ആല്‍ത്തറ പരിസരത്ത് നടന്ന യോഗത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍ എംപി യുമായ സി എന്‍ ജയദേവന് ജാഥ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ രാജ്യത്തെ വമ്പന്‍ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് സിപിഐ നേതാവ് പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നോട്ട് നിരോധന കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചതാണ്. നോട്ട് മാറുന്നതിനുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് നിഷേധിക്കപ്പെട്ടത് ബിജെപി നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന് ധനകാര്യ മന്ത്രി തന്നെ കേരളത്തിലെ എംപി മാരോട് വ്യക്തമാക്കിയതാണ്. സഹകരണ രംഗം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജയിലുകള്‍ എന്നും ഇവരില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും മുന്‍ എം പി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര എജന്‍സികള്‍ ഉപയോഗിച്ച് വേട്ടയാടുന്നതിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ടൗണ്‍ കമ്മിറ്റി കണ്‍വീനര്‍ കെ പി ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ട് , വൈസ് ക്യാപ്റ്റന്‍ പി മണി, മാനേജര്‍ വി എ മനോജ് കുമാര്‍, എല്‍ഡിഎഫ് നേതാക്കളായ അഡ്വ കെ ആര് വിജയ, ജയന് അരിമ്പ്ര, ടി കെ വര്‍ഗ്ഗീസ്, പാപ്പച്ചന് വാഴക്കുന്ന്, ഗിരീഷ് മണപ്പെട്ടി, കെ എസ് പ്രസാദ്, രാജു പാലത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാല് ദിവസങ്ങളിലായുള്ള ജാഥ ഒക്ടോബര്‍ 9 ന് വൈകീട്ട് 5 ന് കൊമ്പിടി സെന്ററില്‍ സമാപിക്കും.