വിദ്യാര്‍ഥികളുടെ കൈക്കരുത്തില്‍ ഞവരിക്കുളത്തിന് പുനര്ജന്മം
ഇരിങ്ങാലക്കുട: വിദ്യാര്‍ഥി കൂട്ടായ്മയുടെ കൈക്കരുത്തില്‍ ഞവരിക്കുളത്തിന് പുനര്ജന്മം. നഗരവത്കരണവും മലിനീകരണവും മൂലം കുടിവെള്ള സ്രോതസുകള്‍ വിഷമയമാകുന്ന കാലത്ത് പ്രകൃതിയുടെ ദാനമായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയെന്ന കര്‍മപദ്ധതിയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ കാടുകയറി കിടന്നിരുന്ന ഞവരിക്കുളം ശുചീകരിക്കാന്‍ ഈ വിദ്യാര്‍ഥി കൂട്ടായ്മ മുന്നിട്ടിറങ്ങിയത്.
ക്രൈസ്റ്റ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികളോടൊപ്പം ലീഫ് എന്ന കൂട്ടായ്മയിലെ യുവാക്കളും അണിചേര്‍ന്നു. ട്വിറ്റര്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 2000 ത്തോളം യുവാക്കളുള്ള കൂട്ടായ്മയാണ് ലീഫ്. മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന ഈ കൂട്ടായ്മ എല്ലാ ആഴ്ചകളിലും ഒത്തുചേര്‍ന്ന് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കും.
അഴുകിയ മാലിന്യങ്ങള്‍ കുഴിച്ചിടുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭകള്‍ക്ക് കൈമാറുകയുമാണ് ഇവരുടെ ശൈലി. ക്രൈസ്റ്റ് കോളജ് ബിപിഇ നാലാംവര്‍ഷ വിദ്യാര്‍ഥി കൊല്ലം സ്വദേശി എസ്. സിദ്ധാര്‍ഥ് ആണ് ലീഫ് എന്ന കൂട്ടായ്മയുടെ സംസ്ഥാന പ്രസിഡന്റ്. അറുപതോളംപേരാണ് ഞവരിക്കുളം വൃത്തിയാക്കിയത്. വാര്‍ഡ് കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍, ക്രൈസ്റ്റ് കോളജ് ബിപിഇ അസി.പ്രഫസര്‍ ഡോ. അനൂപ് സെബാസ്റ്റ്യന്‍, പ്രഫ.എന്‍. അനില്‍കുമാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്പതുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്.
ഇടയ്ക്കിടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെങ്കിലും വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. കുളത്തിന് ചുറ്റും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ടൈല്‍സ് വിരിച്ചതും കൈവരികള്‍ സ്ഥാപിച്ചതും. ആളുകള്‍ക്ക് കുളിക്കാനും വൈകുന്നേരങ്ങളില്‍ വിശ്രമിക്കാനുമായിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ടൈല്‍സുകള്‍ ഇളകിപോയ നിലയിലും കുളത്തിന്റ കൈവരികള്‍ തകര്‍ന്ന നിലയിലുമാണിപ്പോള്.