വിചാരണ സദസ്സുമായി യുഡിഎഫ്; മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍
വിചാരണ സദസുമായി യുഡിഎഫ്; മന്ത്രി ബിന്ദു രാജിവയ്ക്കണം: സി.പി. ജോണ്‍
ഇരിങ്ങാലക്കുട: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ബിന്ദുവിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍. വനിതകള്‍ക്കും വിദ്യാഭ്യാസത്തിനും സര്ക്കാരിനുംതന്നെ മന്ത്രി ബിന്ദു അപമാനമായി മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ യുഡിഎഫ് 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും കെ റെയില്‍ വിഷയത്തിലും നേരിട്ട തിരിച്ചടികളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേരള ജനത നല്കിയ യാത്രയയപ്പിലും വിറളിപൂണ്ടാണ് ഇപ്പോള്‍ നവകേരള സദസ് ആരംഭിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ കെെയൊപ്പുള്ള ഒരു വികസനപദ്ധതിയും ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷന് കുത്തകകളുടെ കെെയിലെ കളിപ്പാവയായി സിപിഎം ജില്ലാ കമ്മിറ്റി മാറിക്കഴിഞ്ഞതായും യുഡിഎഫ് നേതാവ് കുറ്റപ്പെടുത്തി. യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സെന്റ് അധ്യക്ഷതവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് തോമസ് ഉണ്ണിയാടന് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം വായിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എം.പി. ജാക്സന്, യുഡിഎഫ് ജില്ലാ നേതാക്കളായ കെ.ആര്. ഗിരിജന്‍, പി.ആര്.എന്‍. നമ്പീശന്, നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.