താപനില വര്‍ദ്ധനവ്: പത്ത് ലക്ഷം ജീവികള്‍ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റപ്പെടും. മുന്നറിയിപ്പുമായി സെന്റ് ജോസഫ് കോളജില്‍ ഏകദിന ശില്പശാല
ഇരിങ്ങാലക്കുട: ആഗോള താപനവും കാലാവസ്ഥാ മാറ്റവും യാഥാര്‍ത്ഥ്യമാണെന്നും അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്താന്‍ ആയില്ലെങ്കില്‍ മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്ന് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്മാന് ഡോ. സി. ജോര്‍ജ് തോമസ് വ്യക്തമാക്കി. സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റേയും ഇകെഎന്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്റേയും അഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തില്‍ അതിന്റെ സ്വാധീനവും എന്ന വിഷയത്തില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം അധ്യക്ഷയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. റോസെലിന് അലക്സ്, ഇകെഎന്‍ സെന്ററിന്റെ പ്രസിഡന്റും സഹൃദയ കോളജിന്റെ പ്രിന്‍സിപ്പലുമായ ഡോ. മാത്യു പോള്‍ ഊക്കന്‍, കില ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്റ് വിദഗ്ദന് ഡോ. എസ്. ശ്രീകുമാര്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി ബിനു, ബോട്ടണി വിഭാഗം അസോസിയേഷന് സെക്രട്ടറി അന്നപൂര്‍ണ ബോബന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാലാവസ്ഥാ നീതി, പ്ലാന്റ് ടിഷ്യൂ കള്‍ച്ചറിലൂടെ ഔഷധ സസ്യങ്ങളുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. സി. ജോര്‍ജ് തോമസ്, ഡോ. ശാന്തി രാജ്, ഡോ. മോനിഷ് ജോസ് എന്നിവര്‍ ക്ലാസുകള്‍ നടത്തി.