സ്നേഹക്കൂട് ഭവനപദ്ധതി; ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി
ഇരിങ്ങാലക്കുട: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്ന് കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെപോയ ഭവനരഹിതര്‍ക്കായി സ്നേഹക്കൂട് ഭവനപദ്ധതിയില്‍ ഹയര്‍ സെക്കന്‍ഡറിയിലെ എന്‍എസ്എസ് യൂണിറ്റ് നിര്‍മ്മിച്ച സ്നേഹവീടിന്റെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പദ്ധതി പ്രകാരം രണ്ടാമത്തെ വീടാണ് മണ്ഡലത്തില്‍ നിര്‍മിച്ചു നല്‍കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലശേരി വീട്ടില്‍ നിഷയ്ക്കും മക്കള്‍ക്കും ആണ് താക്കോല്‍ കൈമാറിയത്. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചത്. എന്‍എസ്എസ് യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് സ്നേഹക്കൂട് പദ്ധതിയില്‍ നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി അധ്യക്ഷത വഹിച്ചു. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ആര്.എന്‍. അന്‍സര്‍ മുഖ്യാതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ എം.വി. പ്രതീഷ്, എ.എന്‍.വാസുദേവന്‍, കെ.എ. മനോഹരന്, ജോമി ജോണ്‍, സ്ക്കൂള് പ്രിന്‍സിപ്പാള്‍ ബി.സജീവ്, എഎം. ജോണ്സന്, സ്മിത വിനോദ്, പ്രോഗ്രാം ഓഫീസര്‍ സന്ധ്യ പിപിപിഎസി അംഗം ഒ.എസ്. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.