സുന്ദരി പറ്റിച്ചു, വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് പണവും മാനവും നഷ്ടമായി: സൗഹൃദത്തിലായത് ഓണ്‍ ലൈന്‍ ചാറ്റിംഗിലൂടെ
ഇരിങ്ങാലക്കുട: ഏയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുമായുള്ള ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ സുഹൃത്താകുവാന്‍ വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് അധികം അലോചിക്കേണ്ടി വന്നില്ല. സുന്ദരിയായ ചെറുപ്പക്കാരി, ആരേയും വീഴ്ത്തുന്ന വാക്ചാതുര്യം. പേരില്‍ മാത്രമല്ല, ആരേയും മനം കവരുന്ന സംഭാഷണം. ഈ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകാന്‍ നാട്ടിലെത്തിയ യുവാവിന് തിടുക്കമായി. സൗഹൃദ സംഭാഷണങ്ങള്‍ നീണ്ടപ്പോള്‍ നേരില്‍ കാണണമെന്ന മോഹമായി ഇരുവരിലും. അങ്ങിനെ കാത്തു നില്കേണ്ട സമയത്തെ കുറിയച്ചും സ്ഥലത്തെ കുറിച്ചും സുന്ദരി പറഞ്ഞു കൊടുത്തു. കാറളം കോതറ പാലത്തിനോട് ചേര്‍ന്ന ബണ്ടില്‍ ഇരുവരും കാണാമെന്നു നിശ്ചയിച്ചു. ഈ സുന്ദരിയെ കാണാന്‍ ആരേയും കൂട്ടാതെ കൃത്യസമയത്തു തന്നെ അരിമ്പൂര്‍ സ്വദേശിയായ യുവാവ് ബൈക്കില്‍ കോതറ ബണ്ടിലെത്തി. യുവാവ് സുന്ദരിയെ തേടി കാത്തു നില്‍പ്പായി. ഇതിനിയില്‍ ഇവിടെയെത്തിയ മൂന്നു പേര് ചേര്‍ന്ന് വളഞ്ഞ് മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും പഴ്സില്‍ നിന്ന് പണവും കവര്‍ന്നു. സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി എടിഎമ്മില്‍ കൊണ്ടുപോയി 30,000 രൂപയും പില്വലിപ്പിച്ച് അതും കൈക്കലാക്കുകയുമായിരുന്നു. പിന്നീട് യുവാവിനെ ബണ്ടില്‍ തന്നെ കൊണ്ടുവന്ന് മര്‍ദ്ദിച്ച് അവശനാക്കി സംഘം സ്ഥലം വിട്ടു. നാണക്കേട് ഓര്‍ത്ത് ആദ്യം പരാതിപ്പെടാന്‍ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു ദിവസത്തിനുള്ളില്‍ മൂന്നുപീടിക സ്വദേശിയായ പ്രതികള്‍ അറസ്റ്റിലായത്. പരാതിക്കാരനില്‍ നിന്ന് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് സംഘം ഓണ്‍ലൈന്‍ ഫെയ്ക്ക് ആപ്പുകള്‍ പരിശോധിച്ചും പ്രതികളുടെ രൂപസാദൃശ്യങ്ങള്‍ മനസ്സിലാക്കിയും നടത്തിയ അന്വേഷണത്തിനിടെ സംശയം തോന്നി റോഡില്‍ വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഫെയ്ക്ക് ആപ്പുകളുടെ സഹായത്തോടെ സ്ത്രീ ശബ്ദത്തില്‍ സംസാരിച്ചത് പ്രതികളായ യുവാക്കള്‍ തന്നെ ആയിരുന്നെന്ന് പോലീസ് പറഞ്ഞപ്പോഴാണ് രാതിക്കാരന് അറിയുന്നത്. സംഭവത്തില്‍ മൂന്നാമനായി അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായിട്ടുണ്ടെങ്കിലും മറ്റൊരു പ്രതി ഒളിവിലാണ്. സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പേരില്‍ ഒരാള്‍ കൗമാരക്കാരനാണ്. മറ്റു പലകേസുകളിലും പ്രതിയായ യുവാവിനെയാണ് പിടികൂടാനുള്ളത്. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനും സുഖലോലുപതക്കും വിനിയോഗിക്കുന്ന ശീലമുള്ളതിനാല്‍ ഈ യുവാവിന് ബാംഗഌര് കേന്ദ്രീകരിച്ച് ചില ഇടപാടുകളുമുള്ളതായാണ് സൂചന. ലഹരിക്കടിമയായ പ്രതികള്‍ വെള്ളാനിയില്‍ വാടകക്ക് വീടെുത്താണ് താമസം. ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രകരിച്ചും അന്വേണം നടക്കുന്നുണ്ട്. സമാനമായ തട്ടിപ്പികളും ഇവര്‍ നടത്തിയിട്ടുണ്ടോ എന്നുള്ളതും വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇവര്‍ നടത്തിയ ചാറ്റിംഗിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ മൂന്നാമനും ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.