ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
ഇരിങ്ങാലക്കുട: പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി മഹോത്സവം ആസ്വാദക ഹൃദയത്തെ കീഴടക്കി. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ വര്ണപ്പീലിക്കാവടികളും പ്രച്ഛന്നവേഷങ്ങളും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്രസന്നിധിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. ഇതുവരെ അവതരിപ്പിക്കാത്ത ഭംഗിയാര്‍ന്ന പൂക്കാവടികളും ഭസ്മക്കാവടികളുമായാണ് വിവിധ മേഖലകളില്‍നിന്നുള്ള വിഭാഗക്കാര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്. പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ വിഭാഗങ്ങളില്‍നിന്നാണ് കാവടി സംഘങ്ങള്‍ എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്ക് മൂന്നോടെ കാവടിയാട്ടം സമാപിച്ചു. വിവിധ ദേശക്കാര്‍ നടത്തിയ കാവടിവരവില് നിശ്ചലദൃശ്യങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ 12 വരെയും വൈകീട്ട് 3.30 മുതല്‍ ഏഴുവരെ നടക്കുന്ന പൂരത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് വര്‍ണമഴ. രാത്രി 8.30ന് പള്ളിവേട്ട. വൈകീട്ട് ഏഴിന് നാടകമത്സരങ്ങളുടെ അവാര്‍ഡ് ദാനം നടക്കും. സിനിമാതാരം ശ്രീരേഖ രാജഗോപാല്‍ അവാര്‍ഡുദാനം നടത്തും. എസ്എന്‍ബിഎസ് സമാജം സെക്രട്ടറി വേണു തോട്ടുങ്ങല്‍ അധ്യക്ഷതവഹിക്കും. ക്ഷേത്രം ശാന്തി അഖില്‍ ശാന്തി, കെ.യു. അനീഷ്, പി.കെ. ഭരതന്, കെ.കെ. ചന്ദ്രന്, ഷിജില്‍ തവരങ്ങാട്ടില്‍, രജിത് രാജന്, പ്രസൂണ്‍ പ്രവി ചെറാക്കുളം എന്നിവര്‍ സംസാരിക്കും.