ചെസ് സംസ്കാരത്തിന്റെ ചരിത്രം തിരുത്തി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നിന്നു കായിക അധ്യാപക പരിശീലനം നേടുന്ന 146 കുട്ടികള്‍ ചെസ് കളി ശാസ്ത്രീയമായി അഭ്യസിച്ച് വരുംതലമുറയെ കളി പഠിപ്പിക്കുവാന്‍ തയാറെടുക്കുകയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി ക്രൈസ്റ്റ് കോളജില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിഗ്രിയെടുത്ത് പുറത്തുവരുന്ന കുട്ടികള്‍ എല്ലാവരും തന്നെ ചെസ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ 2024 ജനുവരി വരെ നീണ്ടുനിന്ന പരിശീലന കളരിക്ക് തൃശൂര്‍ ജില്ല ചെസ് അസോസിയേഷന് സെക്രട്ടറിയും ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററുമായ പീറ്റര്‍ ജോസഫും കായിക അധ്യാപകനും ചെസ് കളിക്കാരനുമായ അഖില്‍ തോമസും നേതൃത്വം നല്കി.
വേള്‍ഡ് ചെസ് ഫെഡറേഷന് ഫെയര്‍ പ്ലേ കൗണ്‍സിലറും ഏ ഗ്രേഡ് ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററുമായ എം.എസ്. ഗോപകുമാറും ഇന്ത്യന്‍ യൂത്ത് ചെസ് ടീം കോച്ച് ടി.ജെ. സുരേഷ് കുമാറും പരിശീലനം നേടിയ കുട്ടികളെ വിവിധ തലങ്ങളില്‍ ഇവാലുവേറ്റ് ചെയ്തു. ക്രൈസ്റ്റ് കോളജ് ബിപിഇ വിഭാഗം തലവന്‍ ഡോ. സോണി ജോണ്‍ അധ്യക്ഷത വഹിച്ച സമാപനയോഗം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജോയ് പീണിക്കപറമ്പില്‍ മുഖ്യാതിഥിയായി. ചെസ് അസോസിയേഷന് തൃശൂരിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ബാലഗോപാലന് രചിച്ച ചെസ് കളിക്കാം നിങ്ങള്‍ക്കും എന്ന പുസ്തകം വിതരണം ചെയ്തു. ഡോ. നീന തെക്കന്‍ സ്വാഗതവും അഖില്‍ തോമസ് നന്ദിയും പറഞ്ഞു. എം.എസ്. ഗോപകുമാര്‍, ടി.ജെ. സുരേഷ് കുമാര്‍, പാലക്കാട് ജില്ല ചെസ് അസോസിയേഷന് സെക്രട്ടറി ഡോ. എം.എസ്. ഗോവിന്ദന്‍കുട്ടി, തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി എം. പീറ്റര്‍ ജോസഫ്, ഡോ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.