കരുവന്നൂര്‍ പാലത്തിന് മുകളില്‍ വയര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളില്‍ വയര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എ യുമായ ഡോ. ആര്. ബിന്ദു അറിയിച്ചു. കരുവന്നൂര്‍ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അരികുവശങ്ങളില്‍ വയര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആത്മഹത്യകള്‍ കൂടിവരുന്നതില്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് നാലു പേര്. ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉയര്‍ത്തിയിരുന്നു. പാലത്തിന്റെ കൈവരികള്‍ക്ക് മുകളില്‍ ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സില്‍ നാട്ടുക്കാര് പരാതി നല്‍കിയിരുന്നു.