പുളിക്കലച്ചിറ പാലം; താത്കാലിക റോഡിന് അനുമതി തേടി പൊതുമരാമത്ത്
പായമ്മല്‍: പുളിക്കലചിറ പാലം പുനര്‍നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും യാത്രാക്ലേശം ഒഴിവാക്കാന്‍ താത്കാലിക റോഡ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്. പടിയൂര്‍ പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പഴയ പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
ഭരണാനുമതിക്ക് പിന്നാലെ സാങ്കേതികാനുമതിയും ലഭിച്ച 1.62 കോടി രൂപയുടെ പുതിയ പാലത്തിന് രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും എടുക്കാനുണ്ടായില്ല. മൂന്നാമത്തെ ടെന്‍ഡറിലാണ് ഒരാള്‍ പങ്കെടുത്തത്. ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്ക് സമര്‍പ്പിച്ചതിന് ശേഷമേ സാങ്കേതികാനുമതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാവൂവെന്ന് സര്‍ക്കാര്‍ പൊതുമരാമത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോള്കൃഷിയുമായി ബന്ധപ്പെട്ട് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 276 ഹെക്ടര്‍ കൃഷിയുടെ വിളവെടുപ്പിനും മറ്റും ഉപയോഗിക്കുന്ന മെഷിനറികളും നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളും ഈ റോഡിലൂടെയാണ് പോകുന്നത്. പഴയപാലം പൊളിച്ചുപണിയുമ്പോള്‍ താത്കാലിക റോഡ് അനുവദിച്ചില്ലെങ്കില്‍ മറ്റ് ബദല്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ പത്തുകിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടിവരും.
പാലത്തിന്റെ ഇരുവശവും വെള്ളം എപ്പോഴുമുള്ള വയല്‍ പ്രദേശമായതിനാല്‍ താത്കാലിക ഡിവിഷന് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള അനുമതി തേടിയാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ക്ക് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ കരാറുകാരന് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.