ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റിയില്‍ കുടിശിക 6.5 കോടി; വാട്ടര്‍ അഥോറിറ്റി വെള്ളത്തില്‍….!
കുടിശിക- ഏറ്റവും കൂടുതല്‍ ഇരിങ്ങാലക്കുട നഗരസഭ,
കുടിശിക ഇല്ലാത്ത മണ്ഡലത്തിലെ ഏക പഞ്ചായത്ത് വേളൂക്കര
ഇരിങ്ങാലക്കുട: ജലക്ഷാമത്തില്‍ നാട് വരളുമ്പോള്‍ ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റിയില്‍ കുടിശികയുള്ളത് ആറ് കോടി അമ്പത്തി ആറ് ലക്ഷത്തി ഏഴായിരത്തി ഇരുന്നൂറ്റിനാല് (6,56,07,204) രൂപയാണ്. കഴിഞ്ഞ മാസം തയാറാക്കിയ കുടിശികയുടെ കണക്ക് അനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ വക 4,87,693 രൂപയും പൊതുടാപ്പുകള്‍ വഴി 6,51,19,511 രൂപയാണ് കുടിശിക. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഇരിങ്ങാലക്കുട നഗരസഭയും ആളൂര്‍, കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, മുരിയാട് എന്നീ ആറു പഞ്ചാത്തുകളിലെ കുടിശികയാണ് ഇത്രത്തോളമുള്ളത്. പൊതുടാപ്പുകള്‍ വഴിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും കുടിശിക ഇല്ലാത്ത മണ്ഡലത്തിലെ ഏക പഞ്ചായത്താണ് വേളൂക്കര. സാധാരണക്കാര്‍ വെള്ളക്കരം അടച്ചില്ലെങ്കില്‍ പിഴ ഈടാക്കും. അടച്ചില്ലെങ്കില്‍ വീട്ടിലേക്കുള്ള കണക്ഷനും വിഛേദിക്കും. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റി ഡിവിഷന്റെ കീഴില്‍ 107 സര്‍ക്കാര്‍ ഓഫിസുകളിലേക്കു വെള്ളം നല്‍കുന്നുണ്ട്. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശികയാണ് ഏറ്റവും കൂടുതല്‍- 2,45,971 രൂപ. കാറളം പഞ്ചായത്ത്- 645 രൂപ, കാട്ടൂര്‍ പഞ്ചായത്ത്- 82,067 രൂപ, പൂമംഗലം പഞ്ചായത്ത്- 2,736 രൂപ, മുരിയാട് പഞ്ചായത്ത്- 38,710 രൂപ, ആളൂര്‍ പഞ്ചായത്ത്- 1,17,564 രൂപ എന്നിങ്ങനെയാണ് തദ്ദശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശിക. പൊതു ടാപ്പുകളുടെ കുടിശികയില്‍ ആളൂര്‍ പഞ്ചായത്താണ് ഏറ്റവും മുന്നില്‍ 6,34,53,407 രൂപ. മുരിയാട് പഞ്ചായത്ത് 5,33,112 രൂപയും പൂമംഗലം പഞ്ചായത്ത് 11,32,992 രൂപയും കുടിശികയുണ്ട്. ഇരിങ്ങാലക്കുട നഗരസഭ, കാറളം പഞ്ചായത്ത് കാട്ടൂര്‍ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതുടാപ്പുകളില്‍ കുടിശിക ഇല്ല. ഈ വര്‍ഷം 6509 ഗാര്‍ഹിക കണക്ഷനുകളാണ് പുതിയതായി നല്‍കിയിരിക്കുന്നത്. കുടിശിക ഉള്ളതിനാല്‍ 626 ഗാര്‍ഹിക കണക്ഷനുകളാണ് വിഛേദിച്ചത്. ഇതുവരെ നല്കിയ അപേഷകര്ക്കെല്ലാം വാട്ടര്‍ കണക്ഷന് നല്‍കിയിട്ടുണ്ട്.
ഗാര്‍ഹിക കണക്ഷനുകളുടെ എണ്ണം
ഇരിങ്ങാലക്കുട നഗരസഭ- 4864, കാറളം- 4267, കാട്ടൂര്‍- 4216, ആളൂര്‍- 3408, പൂമംഗലം- 3014, മുരിയാട്- 313, വേളൂക്കര- 282
പൊതുടാപ്പുകളുടെ എണ്ണം
ഇരിങ്ങാലക്കുട നഗരസഭ – 424, മുരിയാട്- 194, ആളൂര്‍- 75, കാട്ടൂര്‍- 57, പൂമംഗലം- 42, വേളൂക്കര- 34, കാറളം- 24.
വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ കുടിശിക തുക
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്-30,137,
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്- 17,660,
ജനറല്‍ ആശുപത്രി- 1,96,213,
ആയുര്‍വേദ ആശുപത്രി- 645,
ജയില്‍- 1316,
കാട്ടൂര്‍ പോലീസ് സ്റ്റേഷന്- 40,357,
കാട്ടൂര്‍ ജനറല്‍ ആശുപത്രി- 40,394,
കെഎസ്ഇബി കാട്ടൂര്‍- 1316.