കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്;സഹകരണ വകുപ്പിലെ മൂന്നു പേര്‍ക്ക് അന്വേഷണ ചുമതല, 31 പേര്‍ക്ക് നോട്ടീസ് അയച്ചു
ഇറിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മൂന്നു പേര്‍ക്ക് പ്രത്യേക അന്വേഷണ ചുമതല നല്കി. അന്വേഷണ സംഘം 31 പേര്‍ക്ക് നോട്ടീസ് അയച്ചു. തൃശൂര്‍ ജോയിന്റ് രജിസ്ട്രാറാണ് അന്വേഷണത്തിന് മൂന്നു പേരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്. ജൂണിയര്‍ ഇന്‍സ്പെകര്‍മാരായ വി.എം. മിനി, വി.ആര്. ഡെന്നി, വിജി മോള് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടില്‍ അന്വേഷണം നടത്തുവാനാണ് ഇവര്‍ക്കു നിര്‍ദേശം. മൂന്ന് മുന്‍ ഭരണസമിതികളുടെ ഭാരവാഹികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 2023 നവംബര്‍ ഒമ്പതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ക്രമക്കേടുമായി ബന്ധപ്പെട്ട എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏപ്രില്‍ അഞ്ചിന് മൂന്നുമണിക്ക് മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാകാനാണ് പുതിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അന്നു നടന്ന ക്രമക്കേടുകളില്‍ ഇവര്‍ക്കു പങ്ക് ഉണ്ടോ എന്നുള്ളതാണ് പ്രധാനമായും അന്വേഷിക്കുക. ഉണ്ടെന്നു തെളിയുകയാണെങ്കതില് ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. അന്വേഷണ സംഘം പ്രത്യേക റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കും. 15 വര്‍ഷംമുമ്പ് നടന്ന ക്രമക്കേടുകളും ഇപ്പോള്‍ നല്കിയ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരും സിപിഎം നേതാക്കളും സഹകരണ ഓഡിറ്റര്‍മാരും ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് മാത്രമാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കുറ്റാരോപണവിധേയര് പറയുന്നു. തട്ടിപ്പ് 15 വര്‍ഷം മുന്‍പ് ആരംഭിച്ചതാണെങ്കില്‍ അത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ സഹകരണ ഓഡിറ്റര്‍മാരെയാണ് ശിക്ഷിക്കേണ്ടതെന്നാണ് ഇവരുടെ നിലപാട്. ബാങ്കിലെ തട്ടിപ്പുകേസില്‍ 19 പേര്‍ക്കെതിരേ 126 കോടിയുടെ ജപ്തി നടപടിയിലേക്കെത്തിയ സഹകരണവകുപ്പ്, കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി. ജപ്തിനടപടി സ്വീകരിച്ചത് രണ്ട് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ മാത്രമായിരുന്നു. ഇതൊരു അസാധാരണ നടപടിയാണെന്നും കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണക്കേസ് ഇല്ലാതാക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണെന്നും നോട്ടീസ് കിട്ടിയര് ആരോപിക്കുന്നു. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സഹകരണനിയമത്തിലെ റവന്യൂ റിക്കവറി ചട്ടപ്രകാരം എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് പ്രതികളുടെ വീട്ടില്‍ ജപ്തിനടപടിയും നടത്തി. ജപ്തിക്കെതിരേ മറ്റ് പ്രതികള്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ കുറ്റങ്ങള്‍ ആരോപിച്ച് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ 16 ഓഡിറ്റര്‍മാരെ എട്ടുമാസത്തോളം സസ്പെന്‍ഡ് ചെയ്യുക മാത്രമാണുണ്ടായത്. തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് രാഷ്ട്രീയക്കാരെക്കൂടി ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുമ്പോള്‍ അതില്‍നിന്ന് തട്ടിപ്പുകാരെ രക്ഷിക്കാനുള്ള നീക്കമാണ് സഹകരണവകുപ്പിന്റെ പുതിയ നോട്ടീസിന് പിന്നിലെന്ന് ആരോപണമുണ്ട്. സഹകരണവകുപ്പിന്റെ ജപ്തിക്ക് ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയൊരു നോട്ടീസ് നല്‍കുന്നത് നിയമപ്രകാരം കോടതി അലക്ഷ്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസിന്മേല് ക്രൈം ബ്രാഞ്ച്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിജിലന്് എന്നിവരുടെ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല.