കൂടല്‍മാണിക്യം ഉത്സവം; നൂറോളം സ്റ്റാളുകളുമായി എക്സിബിഷന് തുടക്കമായി
ഇരിങ്ങാലക്കുട: ഉത്സവത്തിന്റെ ഭാഗമായി കൊട്ടിലാക്കല്‍ മൈതാനിയില്‍ ആരംഭിച്ച എക്സിബിഷന്റെ ഉദ്ഘാടനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി നിര്‍വഹിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദത്തിന് പ്രാധാന്യം നല്‍കിയുള്ള മരണക്കിണര്‍, ജയന്റ് വീല്‍, ഫ്ളോട്ടിംഗ് വഞ്ചി, വിവിധ ഗെയിമുകള്‍, കളിക്കോപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഐസ്ക്രീം എന്നിവയുടെ അടക്കം നൂറോളം സ്റ്റാളുകളാണ് ഇത്തവണ എക്സിബിഷന് എത്തിയിട്ടുള്ളത്. ചടങ്ങില്‍ ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി, ഭരണ സമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, കെ. ബിന്ദു, മുന്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സജീവം
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന പിഴ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിനായുള്ള താത്ക്കാലിക ഓഫീസ് സജീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലുകള്‍, ശീതളപാനീയ കടകള്‍ തുടങ്ങി ഭക്ഷ്യപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിവരുന്നു. ഹോട്ടലുകള്‍ക്കും ശീതളപാനീയ വില്പനശാലകള്ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്ക്കാന് പാടുള്ളതല്ല. പാകം ചെയ്യുന്ന സ്ഥലം ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് വിളമ്പുന്ന സ്ഥലവും വൃത്തിയായിരിക്കണം. ഫുഡ് ആന്‍ഡ് സേഫ്റ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്തമാക്കുന്ന നടപടിക് ആരംഭിച്ചിട്ടുണ്ട്. ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ക്ഷേത്രപരിസരങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനു മാത്രമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. രാത്രിയിലും പകലും സ്ക്വാഡിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനില്‍കുമാര്‍, രാജേഷ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ക്ഷേത്ര പരിസരത്തെ കടകളില്‍ പരിശോധന നടത്തുന്നുണ്ട്.