കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സൗഹാര്‍ദ വെളിച്ചത്തില്‍ പള്ളിവേട്ട ആല്‍ത്തറ
ഇരിങ്ങാലക്കുട: മതസൗഹാര്‍ദത്തിന്റെ വെള്ളിവെളിച്ചത്തില്‍ കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറ ദീപാലംകൃതമായി. സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടി പെരുന്നാള്‍ പ്രദക്ഷിണം ആല്‍ത്തറ വരെ എത്തിയാണ് മടങ്ങാറുള്ളത്. വലിയവിളക്ക് കഴിഞ്ഞ് സംഗമേശന്റെ പള്ളിവേട്ട നടക്കുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്തെ ആല്‍ത്തറയില്‍ കഴിഞ്ഞ 17 വര്‍ഷമായി മതസൗഹാര്‍ദത്തിന്റെ ദീപാലങ്കാരപ്രഭ ഒരുക്കുന്നത് നിസാറാണ്. മന്ത്രി ആര്. ബിന്ദു ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സക്കറിയ ഖാസ്മി, ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി കെ.ജി. അനില്‍കുമാര്‍, ഉമ അനില്‍കുമാര്‍, മുന്‍ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ദേവസ്വം ഭരണസമിതിയംഗം അഡ്വ. കെ.ജി അജയകുമാര്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കുരുന്നുകളുടെ മൃദംഗമേള ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കിഴക്കേനടപ്പുരയില്‍ കൊരമ്പു മൃദംഗകളരിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ധേയമായി. കിഴക്കേ നടപ്പുരയില്‍ കളരിയിലെ അമ്പതോളം വിദ്യാര്‍ഥികളാണ് അണിനിരന്നത്. ഇതില്‍ അഞ്ചുവയസുകാരായ ആരുഷ്, അയാന് സേതു, ആയുഷ്, രുദ്ര തീര്‍ഥ്, രുദ്രദേവ് എന്നീ കൊച്ചുവിദ്യാര്‍ഥികള്‍ ഗുരുവിനോടൊപ്പം തത്തക്കാരം പറഞ്ഞത് മേളം ആസ്വാദിച്ചിരുന്ന ഭക്തജനങ്ങള്‍ക്ക് ഏറെ കൗതുകമുളവാക്കി. 45 വര്‍ഷമായി കൊരമ്പ് മൃദംഗകളരി ക്ഷേത്രോത്സവത്തിന് മൃദംഗമേള അവതരിപ്പിക്കുന്നു. കളരിയിലെ പ്രധാന അധ്യാപകനായ വിക്രമന് നമ്പൂതിരി ഒരുമണിക്കൂറോളം നിറഞ്ഞുനിന്ന മൃദംഗമേളയ്ക്ക് നേതൃത്വം നല്കി.
കൂടല്‍മാണിക്യം; കലാവേദികള്‍ സജീവമായി, ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉ്സവം മൂന്നുദിവസം പിന്നിട്ടപ്പോള്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം സജീവമായതോടെ ക്ഷേത്രസന്നിധി ആസ്വാദകര്‍ കെെയടക്കി. ഇന്നലെ ആയിരങ്ങളാണു ഉത്സവം കാണാനും കലാപരിപാടികള്‍ ആസ്വദിക്കാനുമായി സംഗമപുരിയിലേക്ക് എത്തിയത്. ദിവസവും ഉച്ചയ്ക്ക് നടക്കുന്ന അന്നദാനത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിധിയിലേക്ക് പ്രവഹിക്കുന്നത്. പകല്‍ ശീവേലി തുടങ്ങി പള്ളിവേട്ട ദിവസംവരെ ഒമ്പതു ദിവസങ്ങളിലും ഇരുപത്തിനാലുമണിക്കൂറും പരിപാടികളാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പ്രത്യേകത. എത്രകണ്ടാലും മതിവരാത്ത കാഴ്ചകള്‍ തേടി ദിവസേനയെത്തുന്ന ആസ്വാദകകൂട്ടങ്ങളാണ് സംഗമപുരിയെ സമ്പന്നമാക്കുന്നത്. രാവിലെ അഷ്ടപദിയോടെ തുടങ്ങി ശീവേലി. അതുകഴിഞ്ഞാല്‍ ക്ഷേത്രകലകള്‍, ഉച്ചതിരിഞ്ഞ് കലാപരിപാടികള്‍, വിളക്കെഴുന്നള്ളിപ്പ്, പുലരുംവരെ കഥകളി എന്നിങ്ങനെ തുടരുന്നു. ശീവേലിയും കലാപരിപാടികളും മാത്രമല്ല, വിവിധ ക്ഷേത്രകലകളുടെയും സമന്വയമാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവം. ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍, കുറത്തിയാട്ടം, പാഠകം, ചാകയാര്കൂത്ത്, നങ്ങ്യാര്‍കൂത്ത്, ബ്രാഹ്മണിപ്പാട്ട് എന്നീ ക്ഷേത്രകലകളാണ് ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. ശീവേലി ആരംഭിക്കുന്ന ദിവസം മുതല്‍ പള്ളിവേട്ടവരെ ഈ കലകള്‍ ആവര്‍ത്തിക്കും. ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയിലാണ് ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍ എന്നിവ നടക്കുക. പടിഞ്ഞാറെ പ്രദക്ഷിണവഴിയില്‍ വൈകീട്ട് പാഠകം, പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും, സന്ധ്യക്ക് വാതില്‍മാടത്തില്‍ ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവയും അരങ്ങേറും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ക്ഷേത്രവാതില്മാടത്തില് ബ്രാഹ്മണിപ്പാട്ട് നടക്കും. ഇതിനെല്ലാം പുറമെ കിഴക്കേ ഗോപുരനടയില്‍ തായമ്പക, സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പറ്റ്, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും രാവിലെയും വൈകീട്ട് സോപാനത്ത് അഷ്ടപദിയും ഉത്സവദിനങ്ങളില്‍ നടക്കും.
നാലാം ഉത്സവം (ഏപ്രില്‍ 25)
കൂടല്‍മാണിക്യത്തില്‍ ഇന്ന്(25.04.2024)
രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് പെരുവനം ്രകാശന് മാരാര്‍ പ്രമാണംവഹിക്കും.
സ്പെഷല്‍ പന്തലില്‍
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ 4.45 വരെ കുമാരി മഹേശ്വരി ഗിരീഷ്, മഹാലക്ഷ്മി ഗിരീഷ് എന്നിവരുടെ ഭരതനാട്യം, 4.45 മുതല്‍ 5.45 വരെ ഇരിങ്ങാലക്കുട ആര്‍എല്‍വി സുന്ദരന്റെ ശാസ്ത്രീയനൃത്തം, 5.45 മുതല്‍ 6.15 വരെ കൃതി മനോജിന്റെ ഭരതനാട്യം, 6.15 മുതല്‍ ഏഴുവരെ അന്നമനട അതുല്‍കൃഷ്ണ എസ്.നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, ഏഴുമുതല്‍ 7.45 വരെ എറണാകുളം ഗംഗാലക്ഷ്മിയുടെ ഭരതനാട്യം, 7.45 മുതല്‍ രാത്രി 8.45 വരെ ബംഗളൂരു മധുലിത മൊഹപത്രയുടെ ഒഡീസി, 8.45 മുതല്‍ കൊച്ചിന് വേവ്സ് ഓഫ് മ്യൂസിക് നാദസൗപര്ണികയുടെ ഭക്തിഗാനമേള.
സംഗമം വേദിയില്‍
ഉച്ചതിരിഞ്ഞ് 130 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ 4.30 വരെ കൊടുങ്ങല്ലൂര്‍ കലാചാര്യ നൃത്തവിദ്യാലയത്തിന്റെ ഭരതനാട്യകച്ചേരി, 4.30 മുതല്‍ 5.15 വരെ കൃഷ്ണാര്‍പ്പണ ഗ്രൂപ്പ് സി.ജി. ഗിരിജയുടെ അഷ്ടപദി, 5.15 മുതല്‍ ആറുവരെ തിരുവനന്തപുരം സുമ സന്ധ്യയുടെ ഭരതനാട്യം, ആറ്ുമുതല് സി.എസ്. സജീവിന്റെ ശാസ്ത്രീയസംഗീതം, എട്ടുമുതല്‍ ഒമ്പതുവരെ പെരിങ്ങോട്ടുകര നിരഞ്ജന് ശ്രീലക്ഷ്മിയുടെ ഭരതനാട്യം, ഒമ്തുമുതല് 10 വരെ യുഎസ്എ ചിത്ര സിജിത്തിന്റെ മോഹിനിയാട്ടം, 12ന് കഥകളി – കാലകേയവധം, ബാലിവധം. അവതരണം-ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം.