കൂടല്‍മാണിക്യം; കലാവേദികള്‍ സജീവമായി, തിരക്കുകൂടി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം നാലു ദിവസം പിന്നിട്ടപ്പോള്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം സജീവമായതോടെ ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി. രാവിലെ മുതല്‍ ആയിരങ്ങളാണ് കടുത്ത ചൂടിനെ വകവക്കാതെ ഉത്സവം കാണാനും കലാപരിപാടികള്‍ ആസ്വദിക്കാനുമായി സംഗമപുരയിലേക്ക് ഒഴുകിയെത്തിയത്. പകല്‍ ശീവേലി തുടങ്ങി പള്ളിവേട്ടവരെ ഒന്‍പത് ദിവസവും 24 മണിക്കൂറും നടക്കുന്ന പരിപാടികളാണ് കൂടല്‍മാണിക്യം ക്ഷേത്രോത്സത്തിന്റെ പ്രത്യേകത. രാവിലെ അഷ്ടപദിയോടെ തുടങ്ങി ശീവേലി, തുടര്‍ന്ന് ക്ഷേത്രകലകള്‍ വൈകീട്ട് കലാപരിപാടികള്‍, വിളക്കെഴുന്നള്ളിപ്പ്, പുലരുംവരെ കഥകളി എന്നിങ്ങനെ തുടരും ഉത്സവപരിപാടികള്‍. ഓട്ടന്തുള്ളല്, ശീതങ്കന്‍തുള്ളല്‍, പാഠകം, കുറത്തിയാട്ടം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ബ്രാഹ്മണിപ്പാട്ട് എന്നീ ക്ഷേത്രകലകളാണ് ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്.
കുലീപിനി തീര്ഥമണ്ഡപത്തില് വൈകീട്ട് പാഠകവും കുറത്തിയാട്ടവും നടക്കും. സന്ധ്യയ്ക്ക് കൂത്തമ്പലത്തില്‍ പാരമ്പര്യ അവകാശി അമ്മന്നൂര്‍ ചാക്യാര്‍മഠത്തില്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, പാരമ്പര്യ അവകാശി വില്വവട്ടത്ത് നങ്ങ്യാര്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത് എന്നിവയും അരങ്ങേറും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണിപ്പാട്ട് നടക്കും. ഇതിനെല്ലാം പുറമേ കിഴക്കേഗോപുരനടയില്‍ തായമ്പക, സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും രാവിലെയും വൈകീട്ടും സോപാനത്ത് അഷ്ടപദിയും ഉത്സവദിനങ്ങളില്‍ നടക്കും. ഏറെ ആസ്വാദകരാണ് ഈ ക്ഷേത്രകലകള്‍ കാണാനും ആസ്വദിക്കാനുമായി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് ഈ കലകള്‍ ഉത്സവനാളുകളില്‍ അവതരിപ്പിക്കുന്നത്.