എടതിരിഞ്ഞി വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാന്‍ ഇനിയും കാത്തിരിക്കണം; പഴയ കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയില്ല
എടതിരിഞ്ഞി: നൂറുവര്‍ഷം പഴക്കമുള്ള എടതിരിഞ്ഞി വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാന്‍ ഇനിയും കാത്തിരിക്കണം. പുതിയ കെട്ടിടം നിര്‍മിക്കാന്‍ ജനുവരിയില്‍ത്തന്നെ പഴയ കെട്ടിടത്തില്‍നിന്ന് ചെട്ടിയാല്‍ സെന്ററിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റി. എന്നാല്‍ ഇതുവരെ പഴയകെട്ടിടം പൊളിക്കാനുള്ള നടപടികള്‍ പോലും ആരംഭിച്ചില്ല. ഇത്രയും വൈകുകയായിരുന്നെങ്കില് തിരക്കുപിടിച്ച് വാടകക്കെട്ടിടത്തിലേക്ക് മാറേണ്ടിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ വാദം. വാടകക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായതിനാല്‍ വില്ലേജ് ഓഫീസിലെത്താന്‍ മുതിര്‍ന്ന പൗരന്മാരും അംഗപരിമിതരും പാടുപെടുന്നു.
ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂരിലാണ് പഴയ എടതിരിഞ്ഞി വില്ലേജ് ഓഫീസ് കെട്ടിടം. പഴയ ഓഫീസുകളിലൊന്നായ എടതിരിഞ്ഞി വില്ലേജ് ഓഫീസ് ആദ്യകാലത്ത് അധികാരിയുടെ അംശകച്ചേരിയായിരുന്നു. 2018ലെ പ്രളയകാലത്ത് കെട്ടിടത്തിന്റെ പടി വരെ വെള്ളം എത്തി. കാലങ്ങളായി ഓടിട്ട പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കാനും മറ്റ് സൗകര്യങ്ങളൊരുക്കുന്നതിനുമായി 50 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചത്. പിഡബ്ല്യുഡി കൊടുങ്ങല്ലൂര്‍ ബില്‍ഡിംഗ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. എന്നാല്‍ നാലുമാസം പിന്നിട്ടിട്ടും വില്ലേജ് ഓഫീസിന്റെ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ ബിനോയ് കോലാന്ത്ര റവന്യു മന്ത്രിക്ക് പരാതി നല്കി.
ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടും ഓഫീസ് പൊളിക്കാനോ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങാനോ നടപടികള്‍ ഇപ്പോഴും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ത്തന്നെ വില്ലേജ് ഓഫീസ് നിര്‍മാണത്തിനായി ലേല നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കെട്ടിടത്തിന്റെ വൈദ്യുതി അടക്കമുള്ള സംവിധാനങ്ങള്‍ നീക്കിയിരുന്നില്ലെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം വ്യക്തമാക്കി. ഇക്കാര്യം നേരിട്ടും കത്തിലൂടെയും അധികൃതരെ അറിയിച്ചിരുന്നു. വൈദ്യുതി കുടിശികമൂലം നീക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഏപ്രില്‍ മാസത്തിലാണ് കെട്ടിടത്തില്‍നിന്ന് വൈദ്യുതിയും മറ്റ് സംവിധാനങ്ങളും നീക്കി നല്‍കിയത്. ഇതിനുശേഷം വിവരം അറിയിച്ചിരുന്നെങ്കിലും കരാറുകാരന് തുക കെട്ടിവയ്ക്കന് വൈകുകയാണ്. രണ്ടുതവണ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുത്തിട്ടില്ല.