കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രസാദം പദ്ധതി: സുരേഷ് ഗോപിക്ക് കത്തുനല്‍കി ദേവസ്വം നവീകരണത്തിന് 50 കോടിയുടെ പദ്ധതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം വികസനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദേവസ്വം കത്തുനല്‍കി. കഴിഞ്ഞദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ വേളയിലാണ് ചെയര്മാന് അഡ്വ.പി.കെ. ഗോപിയുടെ നേതൃത്വത്തില്‍ ദേവസ്വം കത്തുനല്‍കിയത്. ജീര്ണാവസ്ഥയില് നില്ക്കുന്ന ക്ഷേത്രം കിഴക്കേ നടപ്പുര, പടിഞ്ഞാറേ നടപ്പുര, തെക്കേ ഊട്ടുപുര, പടിഞ്ഞാറേ ഊട്ടുപുര, പഴയ ദേവസ്വം ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കൈമളുടെ കൊട്ടിലാക്കല്‍ ബംഗ്ലാവ് അടക്കമുള്ള എട്ടുകെട്ട്, ബംഗ്ലാവിന് സമീപമുള്ള കുളം എന്നിവ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ 50 കോടിയുടെ പദ്ധതി മുന്‍ ഭരണസമിതി സമര്‍പ്പിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര ടൂറിസം വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയിലെ ഉദ്യോഗസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും ദേവസ്വം കൈമാറി. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നേരത്തെ സമര്‍പ്പിച്ച പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കത്തുനല്‍കിയത്. കത്ത് സ്വീകരിച്ച മന്ത്രി പരിശോധിക്കാമെന്ന് ഉറപ്പുനല്‍കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയുടെയും കിഴക്കേ നടപ്പുരയുടെയും മേല്‍ക്കൂരകള്‍ മാറ്റി പുതിയത് സ്ഥാപിക്കണം. പടിഞ്ഞാറേ നടപ്പുരയുടെ ബലക്ഷയം സംഭവിച്ച തൂണുകള്‍ ബലപ്പെടുത്തുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പടിഞ്ഞാറേ ഊട്ടുപുരയും തെക്കേ ഊട്ടുപുരയുടെ കേടായ ഉത്തരവും കഴുക്കോലും പട്ടികകളും മാറ്റി പുതിയവ സ്ഥാപിക്കുക. കാലഘട്ടത്തിനനുസരിച്ച് അവയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുക എന്നിവയും പദ്ധതിയിലുണ്ട്. കൂടല്‍മാണിക്യം ദേവസ്വം ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കുട്ടംകുളത്തിന് സമീപമുള്ള കൈമളിന്റെ ബംഗ്ലാവ് ഇപ്പോള്‍ ദേവസ്വം ആര്‍ക്കൈവ്സ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടുചേര്‍ന്നുള്ള എട്ടുകെട്ടിലാണ് സ്ട്രോംഗ് റൂം അടക്കമുള്ളത്. എട്ടുകെട്ടിന്റെ മേല്‍ക്കൂര പൂര്‍ണമായും മാറ്റേണ്ട അവസ്ഥയാണ്. മരംകൊണ്ട് നിര്‍മിച്ച ഈ കെട്ടിടത്തിന്റെ പഴമ നിലനിര്‍ത്തിക്കൊണ്ടുവേണം പുതുക്കി നിര്മിക്കാനുള് പദ്ധതിയും. ബംഗ്ലാവിന് സമീപം ഇപ്പോള്‍ ഉപയോഗശൂന്യമായ നിലയില്‍ കിടക്കുന്ന വലിയ കുളവും പ്രസാദത്തില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനാണ് പദ്ധതി.