ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, മുകുന്ദപുരം തഹസില്‍ദാര്‍ സി. നാരായണന്, ജനപ്രതിനിധികള്‍ വിവിധ വകുപ്പുകളുടെ തലവന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിലയിരുത്തലുകളും നിര്‍ദേശങ്ങളും
-ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂര്‍, കാറളം, ആളൂര്‍ എന്നീ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
-ക്യാമ്പുകളില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ഉറപ്പു വരുത്തണം.
-ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജാഗരൂകരായിരിക്കണം.
-എല്ലാ വകുപ്പുകളും ഏകോപിച്ച് പൊതുജന കൂട്ടായ്മയിലൂടെ ഈ സാഹചര്യത്തെ നേരിടണം.
-വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും, ഉരുള്‍പൊട്ടല്‍ ഭീഷിണിയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
-തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ യോഗം ചേരാത്തിടത്ത് എത്രയും പെട്ടെന്ന് തന്നെ യോഗം ചേര്‍ന്ന് അടിയന്തരഘട്ടത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം.
-ആവശ്യമെങ്കില്‍ വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം.
-ഷട്ടറുകളില്‍ വന്നടിയുന്ന മരങ്ങള്‍ എത്രയും വേഗം തന്നെ നീക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.