വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തിക്ക് ആദരാഞ്ജലി; നടനകൈരളിയുടെ നവരസ സാധന ശില്പശാലയില് കപില വേണു രൗദ്രഭാവം പകര്‍ന്നാടി
ഇരിങ്ങാലക്കുട: ഉരുട്ടിമിഴിച്ചവയും അത്യുഗ്രങ്ങളായ കണ്ണുകളോടു കൂടിയതും വാള്‍പോലെ ഭയങ്കരമായിക്കിടന്നു ചുഴലുന്ന ഊക്കന്നാവും മഴ മേഘങ്ങളുടെ ഇടിമുഴക്കത്തിനു തുല്യമായ അട്ടഹാസത്തോടും നരസിംഹമൂര്‍ത്തിയായി കപില വേണു പകര്‍ന്നാടിയപ്പോള്‍ ഒരു നൂറ്റാണ്ടിനു മുമ്പ് കൊടുങ്ങല്ലൂര്‍ ഭഗവതര് കുഞ്ഞുണ്ണി തമ്പുരാന് രൂപം നല്കിയ രൗദ്രഭാവത്തിന്റെ പുനരുജ്ജീവനമായിരുന്നു ആ രംഗം. കൊടുങ്ങല്ലൂര്‍ കളരിയില്‍ നിലനിന്നിരുന്ന സ്വരവായു പരിശിലീനത്തില് നിന്നാണ് നവരസ സാധന എന്ന തന്റെ അഭിനയപരിശീലനപദ്ധതി രൂപപ്പെടുത്തുവാന്‍ മുഖ്യപ്രേരണയെന്ന് അഭിനയഗുരു വേണുജി പറഞ്ഞു. വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തിക്ക് ആദരാഞ്ജലിയായി നടനകൈരളിയുടെ നവരസ സാധന ശില്പശാലയില് സംഘടിപ്പിച്ച ചടങ്ങ് മോഹിനിയാട്ടം ഗുരു നിര്‍മല പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സ്നേഹ ശശികുമാര്‍ യാമിനിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് പ്രഭാഷണം നടത്തി. ശില്പശാലയില് പങ്കെടുത്ത നടീനടന്മാരും നര്‍ത്തകരും യാമിനിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.