ഈ പൊന്തകാടിനുള്ളിലുണ്ട് ഒരു മരണകുഴി; ഇരിങ്ങാലക്കുട ബൈപാസ് റോഡരികിലെ കുഴിയില്‍ വീണ് യുവതിക്കും കുഞ്ഞിനും പരിക്ക്
ഇരിങ്ങാലക്കുട: ഠാണാ-കാട്ടൂര്‍ ബൈപ്പാസ് റോഡിരികിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികരായ അധ്യാപികയായ യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കഴിഞ്ഞദിവസം ഉച്ചത്തിരിഞ്ഞ് നാലുമണിയോടെയാണ് സംഭവം. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ റോഡരികില്‍ പുല്ലുമൂടികിടക്കുന്ന കുഴി ശ്രദ്ധയില്‍പ്പെട്ടില്ല. റോഡിനടിയിലൂടെ വെള്ളം ഒഴുകി പോകുന്നതിനായി നിര്‍മിച്ച തോട്ടിലേക്കാണ് ഇവര്‍ വീണത്. തോടിന്റെ കലുങ്ക് പണ്ടേ തകര്‍ന്നു പോയതാണ്.
അഞ്ചടി താഴ്ചയിലേക്കുള്ള തോട്ടിലേക്ക് വീണ യുവതിയും കുഞ്ഞും അല്ഭുതകരമായാണ് രക്ഷപ്പെട്ടത്. വഴിയാത്രക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കുറച്ചു നാള് മുമ്പ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കൊരുമ്പുശേരി സ്വദേശി ഐനിയ്ക്കല്‍ മഹേഷിന് (45) പരുക്കേറ്റിരുന്നു. തോളെല്ലും വാരിയെല്ലും ഒടിഞ്ഞ് ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
റോഡിലെ നിര്‍മാണത്തിലെ അപാകത പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. 2021 ല്‍ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡില്‍ പലയിടത്തും കുഴികളാണ്. മഴ പെയ്താല്‍ റോഡിലെ കുഴിയുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തില്പ്പടുന്നത് പതിവാണ്. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും ഇരുവശങ്ങളിലും കാന നിര്‍മിക്കുകയോ, നടപ്പാതകള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല.
നഗരസഭ ഇവിടെ സ്ഥാപിച്ചിരുന്ന സോളര്‍ വഴിവിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ മോഷ്ടിച്ചു. പിന്നീട് സ്ഥാപിച്ച വഴി വിളക്കുകള്‍ പേരിന് മാത്രം പ്രകാശിക്കുന്നതിനാല്‍ പല ഭാഗങ്ങളും രാത്രിയില്‍ ഇരുട്ടിലാണ്. ഇതോടെ കക്കൂസ് മാലിന്യം ഉള്‍പ്പടെ ഇവിടെ തള്ളുന്നതും പതിവാണ്. ബൈപാസ് ആരംഭിക്കുന്ന തൃശൂര്‍ റോഡ് മുതല്‍ ആദ്യ ജംഗ്ഷന് വരെയുള്ള ഒരു വശത്ത് കാന നിര്‍മിച്ച് ഇതിനു മുകളില്‍ ടൈല്‍ വിരിച്ച് നടപ്പാത ഒരുക്കിയെങ്കിലും കാനയുടെ ഉയര വ്യത്യാസം റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷമായ ഠാണാ ബസ് സ്റ്റാന്‍ഡ് റോഡിലെ തിരക്കില്പ്പെടാത കാട്ടൂര്‍, ചെമ്മണ്ട, കിഴുത്താണി, പൊറത്തിശേരി ഭാഗങ്ങളിലേക്ക് എളുപ്പമെത്താന്‍ വാഹന യാത്രികര്‍ ആശ്രയിക്കുന്ന ബൈപാസ് റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് നാട്ടുക്കാര് ആവശ്യപ്പെട്ടു.
അപകടങ്ങള്‍ക്ക് ഉത്തരവാദിത്തം ഗരസഭ ഭരണസമിതിക്ക്- മാര്ട്ടിന് ആലേങ്ങാടന്‍ (നഗരസഭ കൗണ്‍സിലര്‍)
ഇരിങ്ങാലക്കുട: ബൈപാസ് റോഡിലെ അപകടങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം നഗരസഭ ഭരണ സമിതിക്ക് ആണെന്ന ആരോപണവുമായി 12-ാം വാര്‍ഡ് കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍ രംഗത്ത്. ഗതാഗതത്തിനായി തുറന്നു കൊടുത്ത് പത്തുവര്‍ഷം പിന്നിട്ട റോഡിന്റെ ഇരുവശങ്ങളിലും കാന നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനും പലതവണ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടും ഇതു ചെയ്യാന്‍ നഗരസഭ തയാറായിട്ടില്ല.
മേഖലയില്‍ കാടുവെട്ടി തെളിക്കാനും ഭരണസമിതി ഇടപെടല്‍ നടത്തുന്നില്ല. സ്വന്തം കയ്യില്‍ നിന്നും കാശ് ചെലവഴിച്ച് വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട അവസ്ഥയാണ് ഉള്ളതെന്നും മാര്ട്ടിന് ആരോപിച്ചു. ഠാണാ ബസ് സ്റ്റാന്‍ഡ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ എളുപ്പ മാര്‍ഗമായ റോഡിനെ രാഷ്ട്രീയം കളിച്ച് നശിപ്പിക്കുകയാണെന്നും മാര്ട്ടിന് ആരോപിച്ചു.