നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
കടകള്‍ പോലീസ് സംരക്ഷണത്തില്‍ പൊളിച്ചുനീക്കി; പ്രതിഷേധവുമായി കച്ചവടക്കാരും
ഇരിങ്ങാലക്കുട: 2006ല്‍ ആരംഭിച്ച ഇരിങ്ങാലക്കുട നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റ് ഇനിയില്ല. ടൗണ്‍ഹാളിനോട് ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാനുള്ള നഗരസഭയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എട്ട് കച്ചവടക്കാരെയും നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് മാര്‍ക്കറ്റില്‍ എത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ കടകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് രാവിലെ പോലീസ് അകമ്പടിയോടെ എത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ കടകള്‍ പൊളിച്ചുനീക്കുകയായിരുന്നു. വര്‍ഷങ്ങളായി തങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുകയാണെന്നും ലൈസന്‍സ് സഹിതമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജീവിതമാര്‍ഗം നിഷേധിക്കുന്ന പ്രവൃത്തിയാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പ്രതിഷേധം ഉയര്‍ത്തി കച്ചവടക്കാര്‍ പറഞ്ഞു.
എന്നാല്‍ കൗണ്‍സില്‍ തീരുമാനത്തിന്റെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ നോട്ടീസ് നല്‍കിയതാണെന്നും ഒരുവര്‍ഷമായി ഇവരില്‍നിന്നു വാടക ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നഗരസഭ റവന്യു സൂപ്രണ്ട് സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ബദല്‍ സംവിധാനം ഒരുക്കണം: ബിഎംഎസ്
ഇരിങ്ങാലക്കുട: ഈവനിംഗ് മത്സ്യ മാര്‍ക്കറ്റില്‍ നിലവില്‍ 19 വ്യാപാരികളാണ് കച്ചവടം നടത്തുന്നത്. ഇവര്‍ക്ക് വ്യാപാരംചെയ്യാന്‍ ബദല്‍സംവിധാനം ഒരുക്കാതെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന് ബിഎംഎസ് തൊഴിലാളി യൂണിയന് ആവശ്യപ്പെട്ടു. വികസനത്തിന്റെ ഭാഗമായി പഴയ ട്രഷറി ഓഫീസ് കെട്ടിടത്തിലും ഇതിനുസമീപമുള്ള മറ്റു വ്യാപാരസ്ഥാപനങ്ങളും മാറ്റേണ്ടതുണ്ട്. ഇവയെല്ലാം മാറ്റുന്ന സമയംവരെ മാര്‍ക്കറ്റില്‍ കച്ചവടംനടത്തുവാനുള്ള അനുവാദം നല്‍കണമെന്ന് ബിഎംഎസ് തൊഴിലാളി യൂണിയന് പ്രസിഡന്റ് എന്‍.വി. അജയ്ഘോഷ്, കൃഷ്ണകുമാര്‍, വി.വി. വിനോയ്, മുരളി കല്ലിക്കാട്ട്, വി.ജി. സഹജന് എന്നിവര്‍ ആവശ്യപ്പെട്ടു.