ഠാണ ചന്തക്കുന്ന് റോഡ് കോണ്‍ക്രീറ്റിടല്‍; അടുത്ത മാസം ആരംഭിക്കുവാന്‍ നീക്കം

നാലുവരി റോഡിനായി ഇരുവശത്തും സ്ഥലം ഏറ്റെടുത്ത ഇരിങ്ങാലക്കുട ഠാണ ചന്തക്കുന്ന് റോഡ്.
- നിര്‍മിക്കുന്നത് നാലുവരിപാത
- കുടിവെള്ള വിതരണത്തിനായുള്ള പൈപ്പുകള്‍ എത്തി
- ഠാണാ ജംഗ്ഷനിലെ നഗരസഭയുടെ അധീനതയലുള്ള കെട്ടിടം പൊളിക്കല്‍ അവസാന ഘട്ടത്തില്‍
ഇരിങ്ങാലക്കുട: പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജുവരെയുള്ള ഠാണ ചന്തക്കുന്ന് റോഡ് നാലുവരി വീതിയില്‍ വികസിപ്പിക്കുന്നതിനായി റോഡ് പണി ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് കെഎസ്ടിപി അധികൃതര്‍. കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാനപാത രണ്ടുവരിയിലാണ് നിലവില്‍ കോണ്ക്രീറ്റിടുന്നത്. എന്നാല്‍ സംസ്ഥാനപാതയില്‍ പൂതംകുളം മുതല്‍ ചന്തക്കുന്ന് സെന്റ് ജോസഫ്സ് കോളജ് ഇറക്കം വരെയുള്ള ഭാഗത്ത് 17 മീറ്റര്‍ വീതിയില്‍ നാലുവരിയായിട്ടാണ് റോഡ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണത്തിന് കൂടുതല്‍ ചെലവുവരുമെന്നുള്ളതിനാല് സര്‍ക്കാരിന്റേയും ബാങ്കിന്റേയും അനുമതി ആവശ്യമാണ്.
ഇതിനുള്ള പദ്ധതി തയ്യാറാക്കിവരുകയാണെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. എന്നാല്‍ വൈദ്യുതിക്കാലുകള് മാറ്റി സ്ഥാപിക്കുകയോ കുടിവെള്ള പൈപ്പ്ലൈന് വലിക്കുകയോ ചെയ്തിട്ടില്ല. അനുമതി ലഭിച്ചതിന് ശേഷം മാത്രമെ ഇതിന്റെ നടപടികള്‍ ഉണ്ടാകുകയുള്ളൂ. മാപ്രാണം മുതല്‍ കരുവന്നൂര്‍ വയെുള്ള ഭാഗത്തെ പണികള്‍ മെയ് മാസത്തോടെ അവസാനിക്കും. മാപ്രാണം മുതല്‍ കരുവന്നൂര്‍ വരെയുള്ള പണികള്‍ പൂര്‍ത്തിയാകുന്നതോടെ പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജ് വരെയുള്ള ഭാഗത്തെ പണികള്‍ ആരംഭിക്കും. അടുത്ത മാസം അവസാനത്തോടെ പണികള്‍ക്ക് തുടക്കം കുറിക്കുവാനാണ് നീക്കം. ഠാണാ ചന്തുന്ന് ഭാഗത്ത് സ്ഥാപിക്കാനുള്ള കുടിവെള്ള വിതരണത്തിനായുള്ള പൈപ്പുകള്‍ എത്തിയിട്ടുണ്ട്.
ഠാണ ജ്ഗ്ഷനിലെ നഗരസഭയുടെ അധീനതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റുന്ന പണികള്‍ ദ്രുതഗതിയിലാണ്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്റ് ജോസഫ് കോളജ് വരെയും ഠാണാവില്‍ തൃശൂര്‍ റോഡില്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണ് കസനം നടപ്പാക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെയും ബസുടമകളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് ഠാണ ചന്തക്കുന്ന് ഭാഗത്തെ റോഡ് പണി ആരംഭിക്കുന്ന തിയതി നിശ്ചയിക്കും.