ഓപ്പറേഷന് കാപ്പ വേട്ട തുടരുന്നു. കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടുകടത്തി

ഇരിങ്ങാലക്കുട: കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കാട്ടൂര്‍ പൊഞ്ഞനം സ്വദേശി പള്ളിചാടത്ത് വീട്ടില്‍ ശ്രീവത്സനെ (41) കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. ശ്രീവത്സന്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ 2004, 2012, 2014, 2018, വര്‍ഷങ്ങളില്‍ വധശ്രമകേസും 2017, 2019, 2020 വര്‍ഷങ്ങളില്‍ അടിപിടി കേസും 2021 ല്‍ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2015, 2024 വര്‍ഷങ്ങളില്‍ ഒരോ വധശ്രമ കേസും കോതമംഗലം പോലീസ് സ്റ്റേഷനില്‍ 2006 ല്‍ മോഷണ കേസും കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ 2008 ല്‍ കവര്‍ച്ച കേസും അടക്കം 33 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമ്യ, ഫെബിന് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. 2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 62 ഗുണ്ടകളെ കാപ്പ ചുമത്തി. 31 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികള്‍ സ്വീകരിച്ചും 31 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്.