എംഎസ്എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; ഡോ. സുലേഖ കൊമ്പനേഴത്ത്

എംഎസ്എസ് കൊടുങ്ങല്ലൂര്‍ ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച ഇരുപത്തിയഞ്ചാം വാര്‍ഷിക റമദാന് ധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം എറണാകുളം മഹാരാജാസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലും സംസ്ഥാന ന്യൂനക്ഷേമ വകുപ്പിന്റെ തൃശൂര്‍ ജില്ലാ മൈനോരിറ്റി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പലുമായ ഡോ. സുലേഖ കൊമ്പനേഴത്ത് നിര്‍വഹിക്കുന്നു.
കൊടുങ്ങല്ലൂര്‍: വിവിധ തുറകളില്‍ സാമൂഹ്യ പരിഷ്കരണം ഉദ്ദേശിച്ച് മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമൂഹത്തിനും മാതൃകയാണെന്ന് എറണാകുളം മഹാരാജാസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലും സംസ്ഥാന ന്യൂനക്ഷേമ വകുപ്പിന്റെ തൃശൂര്‍ ജില്ലാ മൈനോരിറ്റി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പലുമായ ഡോ. സുലേഖ കൊമ്പനേഴത്ത് പറഞ്ഞു. വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യ രംഗത്തും എംഎസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരക്കെ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ചികിത്സാരംഗം ചൂഷണാധിഷ്ഠിതം ആകുന്ന സാഹചര്യത്തില്‍ സാമ്പത്തിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്കായി എംഎസ്എസ് കൊടുങ്ങല്ലൂര്‍ ടൗണ്‍ കമ്മിറ്റി ആരംഭിച്ചിട്ടുള്ള സൗജന്യ മരുന്നു വിതരണ സംരംഭത്തെ അഭിനന്ദിച്ചു.
ടൗണ്‍ കമ്മിറ്റിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക റമദാന് ധാന്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എംഎസ്എസ് കൊടുങ്ങല്ലൂര്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്റും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.എ. സീതി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. സുലേഖ കൊമ്പനേഴത്ത് ഉദ്ഘാടനവും എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ ടി.എസ്. നിസാമുദ്ദീന്‍ ഹാജി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഹാജി പി.വി. അഹമ്മദ് കുട്ടി, ഖത്തീബ് അബ്ദുല്‍ വാജിദ് ഉലൂമി തങ്ങള്‍, പുല്ലൂറ്റ് മഞ്ഞന മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എം. അബ്ദുല്‍ ജബ്ബാര്‍, എംഎസ്എസ് യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ജസീല്‍, മാധ്യമ പ്രവര്ത്തകന് ടി.എ. നൗഷാദ്, പുല്ലൂറ്റ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ എം.എ. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.