കലാശം കൊട്ടിയില്ല, എന്നിട്ടും ആവേശം കുറയാതെ പരസ്യപ്രചാരണ സമാപനം
ഇരിങ്ങാലക്കുട: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കലാശക്കൊട്ടിന്റെ ആവേശത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ മുന്നണികള്‍ ആവേശം കൊഴുപ്പിച്ചു. പ്രധാന കേന്ദ്രങ്ങളായ ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലും ബസ് സ്റ്റാന്‍ഡിലും എല്ലാവരും ഒത്തുകൂടി ആവേശം കൊഴുപ്പിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. സ്ഥാനാര്‍ഥിയോടൊപ്പം വാഹന റാലിയായിരുന്നു എല്ലാ പാര്‍ട്ടിക്കാരുടെയും ശ്രദ്ധ. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ശക്തിപ്രകടനം. ഓരോ വാര്‍ഡിലും അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മൂന്നു മുന്നണികളും കരുത്ത് തെളിയിച്ചു. കൂട്ടം ചേര്‍ന്നുള്ള വലിയ പരിപാടികള്‍ക്കു പകരം വാഹന റാലിയും കാല്‍നട ജാഥയുമാണ് നടത്തിയത്. ചെറുപ്രകടനങ്ങളായാണു കാല്‍നടജാഥ നടത്തിയത്. വാദ്യമേളങ്ങളും അകമ്പടിയും ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ വിമതരായ സ്വതന്ത്രരുടെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. റോഡ് ഷോയും അരങ്ങേറി. ഇന്ന് നിശബ്ദ പ്രചാരണം. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 206641 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 97408 പുരുഷന്മാരും 109233 സ്ത്രീകളും. എല്ലാ വാര്‍ഡുകളിലും സ്ത്രീ സാന്നിധ്യമാണ് കൂടുതല്‍. ഇരിങ്ങാലക്കുട നഗരസഭയില്‍ മൊത്തം 55190 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 25617 പുരുഷന്മാരും 29573 സ്ത്രീകളുമാണുള്ളത്. വേളൂക്കര പഞ്ചായത്തില്‍ 25396 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 11953, സ്ത്രീകള്‍- 13442. മുരിയാട് പഞ്ചായത്തില്‍ 25182 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 11729, സ്ത്രീകള്‍- 13453, പടിയൂര്‍ പഞ്ചായത്തില്‍ 16184 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 8415, സ്ത്രീകള്‍- 7769. കാറളം പഞ്ചായത്തില്‍ 19386 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 9061, സ്ത്രീകള്‍- 10325. കാട്ടൂര്‍ പഞ്ചായത്തില്‍ 15866 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 7385, സ്ത്രീകള്‍- 8481. പൂമംഗലം പഞ്ചായത്തില്‍ 10961 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 5021, സ്ത്രീകള്‍- 5940. ആളൂര്‍ പഞ്ചായത്തില്‍ 38477 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്- 18227, സ്ത്രീകള്‍- 20250. ഇരിങ്ങാലക്കുട നഗരസഭയില്‍ 41 വാര്‍ഡുകളിലായി 148 സ്ഥാനാര്‍ഥികളാണു മല്‍സര രംഗത്തുള്ളത്. ഏഴു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് ആറാം വാര്‍ഡിലാണു ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. വേളൂക്കര പഞ്ചായത്തില്‍ 18 വാര്‍ഡുകളിലായി 64 സ്ഥാനാര്‍ഥികളാണു മല്‍സര രംഗത്തുള്ളത്. മുരിയാട് പഞ്ചായത്തില്‍ 17 വാര്‍ഡുകളിലായി 60 സ്ഥാനാര്‍ഥികളും കാട്ടൂരില്‍ 14 വാര്‍ഡുകളിലായി 47 സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നുണ്ട്. 14 വാര്‍ഡുകളുള്ള പടിയൂരില്‍ 42 സ്ഥാനാര്‍ഥികളും 15 വാര്‍ഡുകളുള്ള കാറളം പഞ്ചായത്തില്‍ 52 സ്ഥാനാര്‍ഥികളും മല്‍സര രംഗത്തുണ്ട്. പൂമംഗലം പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 46 സ്ഥാനാര്‍ഥികളും ആളൂര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 83 സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ട്.