മോട്ടോര്‍ ഷെഡ് നിലമുടമ പൂട്ടി: പൂട്ട് പൊട്ടിച്ച് കര്‍ഷകര്‍ വെള്ളം അടിച്ചു
മാപ്രാണം: പാടശേഖരത്തിലേയ്ക്കായി സ്ഥാപിച്ചിരുന്ന മോട്ടോറിന്റെ ഷെഡ് സമീപത്തു നിലമുള്ള കര്ഷകന് പൂട്ടിപ്പോയി. മറ്റു നിലങ്ങളിലേക്കു വെള്ളമടിക്കാനാകാതെ പ്രതിസന്ധിയിലായ കര്‍ഷകര്‍ ഒടുവില്‍ പൂട്ട് പൊട്ടിച്ച് വെള്ളം അടിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഒമ്പതാം വാര്‍ഡില്‍ മുരിയാട് കായല്‍ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള തെക്കുംപാടം കോള്‍ കര്‍ഷക സമിതിയുടെ കീഴിലുള്ള മോട്ടോര്‍ ഷെഡാണ് നാലു ദിവസം മുമ്പ് സമീപത്തെ പാടശേഖര ഉടമയായ കര്ഷകന് പൂട്ടി താക്കോലുമായി പോയത്. പൊറത്തിശേരി കൃഷിഭവനു കീഴിലുള്ള തെക്കേപാടം കോള്‍പ്പടവിന്റെ കീഴില്‍ 300 ഏക്കര്‍ പാടശേഖരമാണുള്ളത്. നിലത്തിന്റെ ഘടനയനുസരിച്ച് ഇത് പല പടവുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 35 കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്ന 125 ഏക്കറോളം വരുന്ന പാടശേഖരത്തിലും നാല്‍പ്പതോളം കര്‍ഷകര്‍ പണിയുന്ന അടുത്തുള്ള കണ്ടങ്ങളിലുമാണു ഷെഡ് പൂട്ടിപ്പോയതോടെ വെള്ളമടിക്കാന്‍ പറ്റാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായത്. ഞാറ് നട്ടു കഴിഞ്ഞ നിലങ്ങളിലേക്കു വെള്ളമടിക്കാനാകാതെ വന്നു. ഞാറ് നടാനുള്ള പടവില്‍ നിന്ന് വെള്ളം അടിച്ചു കളയാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു. വിഷയം പോലീസില്‍ അറിയിച്ചിരുന്നെങ്കിലും നാലുദിവസമായിട്ടും നടപടിയായില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. ഞാറ് ഉണങ്ങിത്തുടങ്ങിയതോടെ മറ്റൊരു വഴിയുമില്ലാതായ അവസ്ഥയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ കര്‍ഷകര്‍ പൂട്ടുപൊളിച്ച് വെള്ളം അടിക്കുകയായിരുന്നു. കെഎല്‍ഡിസി ബണ്ടിനു സമീപം കര്‍ഷകര്‍ക്കു കൃഷി ചെയ്യുന്നതിനായി സര്‍ക്കാരാണ് 30 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനച്ചുമതല കോള്‍ കര്‍ഷക സമിതിക്കാണ്. എന്നാല്‍ തന്റെ പാടശേഖരത്തിലേക്കാണു മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നതെന്നു പറഞ്ഞാണു നിലമുടമ ഷെഡ് പൂട്ടിപ്പോയതെന്നു തെക്കുംപാടം കോള്‍ കര്‍ഷകസമിതി സെക്രട്ടറി നിഷ അജയകുമാര്‍ പറഞ്ഞു. നേരത്തെ ഇയാള്‍ മോട്ടോര്‍ എടുത്തുകൊണ്ടുപോയിരുന്നുവെന്നും സംഭവത്തില്‍ അന്ന് ജില്ലാ കളക്ടര്‍, എംഎല്‍എ, എംപി എന്നിവര്‍ ഇടപെട്ടിരുന്നതായും സെക്രട്ടറി പറഞ്ഞു. അന്ന് കൃഷിഭവനില്‍ നിന്നു കത്ത് വാങ്ങി പോലീസില്‍ നല്‍കിയതിനു ശേഷം ഇവര്‍ ഇടപെട്ടാണ് മോട്ടോര്‍ തിരികെ കൊണ്ടുവെച്ചതെന്നു നിഷ അജയകുമാര്‍ പറഞ്ഞു. അതിനുശേഷമാണു നാലുദിവസം മുമ്പ് ഇയാള്‍ ഷെഡ് പുറത്തു നിന്നും പൂട്ടിപ്പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.