മികവിന്റെ കേന്ദ്രമാക്കിയ കല്ലേറ്റുംകരയിലെ എന്‍ഐപിഎംആര്‍ നാടിന് സമര്‍പ്പിച്ചു
ഭിന്നശേഷിക്കാരെ ശാക്തീകരിക്കാന്‍ സംസ്ഥാനത്ത് വൈവിധ്യമാര്‍ന്ന പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ഇരിങ്ങാലക്കുട: എട്ടു ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളെ ശാക്തീകരിക്കാനും മുഖ്യധാരയിലേക്കു എത്തിക്കാനും വൈവിധ്യമാര്‍ന്ന പദ്ധതികളാണു സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമാക്കിയ കല്ലേറ്റുംകരയിലെ എന്‍ഐപിഎംആറിനെ നാടിനു സമര്‍പ്പിച്ചു കൊണ്ടു ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിപ്മറിലെ വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇതിനു പുറമേ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റും നിപ്മറിനെ വേറിട്ടതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പുതുതായി ആരംഭിച്ചിരിക്കുന്ന അക്കാദമിക് പ്രോഗ്രാം ഈ രംഗത്തെ വിദഗ്ധരുടെ അപര്യാപ്തത പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള അനുയാത്ര ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. വികലാംഗക്ഷേമ കോര്പ്പറേഷന് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കു പുറമേയാണിത്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം 27 കോടി 38 ലക്ഷം രൂപയുടെ പദ്ധതികളാണു എന്‍ഐപിഎംആറില്‍ നടപ്പിലാക്കിയിട്ടുള്ളത്. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നായി എന്‍ഐപിഎംആര്‍ മാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നിപ്മറില്‍ പുതിയതായി പണികഴിപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ്വേ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ് എന്നിവയുടെ ഉദ്ഘാടനം ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണല്‍ തെറാപ്പി കോളജിന്റെ തറക്കല്ലിടലും പ്രഫ. കെ.യു. അരുണന് എംഎല്‍എയും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും നിര്‍വഹിച്ചു. ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിനു ക്ലിനിക്കല്‍ പരിശീലനം നല്കുന്നതു സംബന്ധിച്ച ധാരണപത്രം ചടങ്ങില്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് എം.പി. ജാക്സണ് കൈമാറി. ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, ജോയിന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐഎഎസ്, തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐഎഎസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ഡിഎംഒ ഡോ. കെ.ജെ. റീന എന്നിവര്‍ പങ്കെടുത്തു. നേരത്തെ മന്ത്രി നിപ്മറിനു സ്ഥലവും കെട്ടിടവും ദാനം ചെയ്ത എന്‍.കെ. ജോര്‍ജിനെ അദ്ദേഹത്തിന്റെ വസതിയില്‍ മന്ത്രി സന്ദര്‍ശിച്ചു.