പുതുതലമുറയുടെ ലഹരി വസ്തുക്കളുടെ ഉപയോഗം-നൂതന ഗവേഷണത്തിനു രാജ്യാന്തര അംഗീകാരം
ഇരിങ്ങാലക്കുട: 20 ല്‍ പരം ലഹരിവസ്തുക്കള്‍ ഒറ്റ തവണ ഉമിനീര് പരിശോധന വഴി കണ്ടെത്തുന്ന ഗവേഷണ പദ്ധതിക്കു രാജ്യാന്തര അംഗീകാരം ലഭിച്ചു. സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുടയിലെ കമ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറി മേധാവിയും സുവോളജി പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഇ.എം. അനീഷ്, കാലിക്കറ്റ് സര്‍വകലാശാല ഫോറന്‍സിക് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. എം.എസ്. ശിവപ്രസാദ്, കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ് എന്നിവരാണു ഗവേഷക സംഘത്തിലെ അംഗങ്ങള്‍. ഗവേഷണ പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിലെ 14 ജില്ലകളും കേന്ദ്രീകരിച്ച് ഡ്രൈവര്‍മാര്‍ക്കിടയില്‍ പഠനം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ഹ്യൂമന്‍ എത്തിക്കല്‍ കമ്മിറ്റി അനുമതി നല്കി. റാന്‍ഡോക്സ് ടോക്സികോളജി (യുകെ), റാന്‍ഡോക്സ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണു പഠനം നടത്തുന്നത്. എല്‍എസ്ഡി, മെറ്റാഫാന്ന്റമൈന്, മെതഡോണ്‍, കീറ്റമൈന്‍, കഞ്ചാവ്, കൊക്കൈന്‍ ഉള്‍പ്പെടെയുള്ള 20 ല്‍പരം ലഹരിവസ്തുക്കളുടെ ഉപയോഗം ഗവേഷണ പദ്ധതിയുടെ ഭാഗമായി പരിശോധിക്കാന്‍ സാധിയ്ക്കും. കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ പുതുതലമുറയില്‍പ്പെട്ടവരുടെ ലഹരിവസ്തുക്കളുടെ ഉപയോഗം സമീപകാലത്ത് വര്‍ധിച്ചുവരുന്നതായി കാണുന്നുണ്ട്. ആഗോള മയക്കുമരുന്ന് വിപണിയിലെ നൂതനമായ ലഹരി വസ്തുക്കളുടെ (എന്‍പിഎസ്) ലഭ്യത പൊതുജനാരോഗ്യത്തിനേയും രാജ്യത്തിന്റെ നിയമവാഴ്ചയേയും വെല്ലുവിളിക്കുന്നതാണ്. ഇത്തരം ലഹരിവസ്തുക്കളുടെ നിരന്തരമായ ഉപയോഗം മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മിക്കപ്പോഴും ഇത്തരം നൂതനമായ ലഹരിവസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും സാമൂഹികമായ ദോഷങ്ങളെയുംക്കുറിച്ച് വളരെക്കുറച്ചേ അറിയൂ എന്നത് പ്രതിരോധത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനും ഗണ്യമായ വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ കേരളത്തില്‍ സൈക്കോ ആക്റ്റീവ് ലഹരിപദാര്‍ഥങ്ങളുടെ ദ്രുതഗതിയിലുള്ള തിരിച്ചറിയല്‍ ജനസുരക്ഷക്കു അത്യാവശ്യമാണ്. കൂടാതെ വിവിധതരം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം നിര്‍ദ്ദിഷ്ട ജോലികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദമായ ധാരണ ആവശ്യമാണ്. നിലവില്‍ കേരളത്തില്‍ ലഭ്യമാകുന്ന വിവിധതരം മയക്കുമരുന്നകളെ കുറിച്ചും അവയുടെ ലഭ്യമായ പരിശോധനയെക്കുറിച്ചും നിയമ നിര്‍വഹണം മേഖലയിലെ വിദഗ്ധര്‍ക്കു കൂടുതല്‍ അറിവില്ല. അതിനാല്‍ ഈ ഗവേഷണം ഈ കാലഘട്ടത്തില്‍ കേരളത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു ഗവേഷകസംഘം സൂചിപ്പിക്കുന്നു. ഒറ്റ തവണ ശേഖരിക്കപ്പെടുന്ന സാംപിളില്‍ നിന്നും 20 ല്‍പരം മയക്കുമരുന്നുകളെ തിരിച്ചറിയാന്‍ കഴിയുന്ന ഈ പഠനം ഇന്ത്യയില്‍ ആദ്യമായാണു നടക്കുന്നത്. അന്താരാഷ്ട്ര വിപണികളില്‍ ഉള്‍പ്പെടെ വിറ്റഴിക്കപ്പെടുന്ന ന്യൂജെന്‍ ലഹരി മരുന്നുകളുടെ ശാസ്ത്രീയ പരിശോധന കേരളത്തില്‍ ലഭ്യമാക്കുക, ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി മയക്കുമരുന്ന് ഉപയോഗത്തെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കുക എന്നിവയാണു ഈ പഠനത്തിന്റെ ലക്ഷ്യം. ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ സ്ഥിരം പരിശോധനാ സംവിധാനം വേണമെന്ന ബഹുമാനപ്പെട്ട ഹൈകോര്‍ട്ട് നിരീക്ഷണവും ഈ ഗവേഷണപദ്ധതിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.