ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്കു രൂപതാ ഭവനത്തില്‍ സ്വീകരണവും അനുമോദനവും നല്കി
ഇരിങ്ങാലക്കുട: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പീഠത്തില്‍ വയ്ക്കപ്പെട്ട ദീപങ്ങള്‍ക്കു സമാനരാണെന്നും ഈ പ്രകാശം മറ്റുള്ളവര്‍ക്കു വെളിച്ചമായി മാറണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്കു രൂപതാ ഭവനത്തില്‍ സ്വീകരണവും അനുമോദനവും നല്കി ആദരിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്കു പ്രചോദനമായി ഭവിക്കണം. ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനും വികസനത്തിനും ഊന്നല്‍ നല്കി പ്രവര്‍ത്തിക്കണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിക്കുള്ളില്‍ വരുന്ന 23 പഞ്ചായത്തുകളിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും ബ്ലോക്ക്, ജില്ലാ തലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട വിവിധ ഇടവകകളില്‍ നിന്നുള്ള 150 പേരാണു രണ്ടുഘട്ടമായി രൂപതാഭവനത്തില്‍ ഒത്തു ചേര്‍ന്നത്. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രസ്തുത അനുമോദന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഷഷ്ഠ്യാബ്ദപൂര്ത്തിയിലെത്തിയ പോളി പിതാവിനു ആശംസകളര്‍പ്പിച്ചുകൊണ്ടു വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര വിശദീകരിച്ചു. ജീവന്റെ സംരക്ഷണവും സന്തുഷ്ട കുടുംബ ജീവിതവും ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചിക്കാഗോ സീറോ മലബാര്‍ അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഭവനരഹിതരായവരെ ലക്ഷ്യംവച്ചുകൊണ്ട് രൂപതാ സോഷ്യല്‍ ആക്ഷന്റെയും ഇടവകകളുടെയും സംഘടനകളുടെയും സഹകരണത്തോടെ 60 വീടുകളുടെ നിര്‍മാണം ലക്ഷ്യംവച്ചുകൊണ്ടുള്ള ഹൗസിംഗ് പ്രൊജക്ടും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജെയ്സന് കരിപ്പായി, ജോയിന്റ് സെക്രട്ടറിമാരായ ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.