വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തെ ഇരുമുന്നണികളെയും നയിക്കുന്നത് – കെ. സുരേന്ദ്രന്
വിജയ് യാത്രയ്ക്ക് ഇരിങ്ങാലക്കുടയില്‍ വന്‍വരവേല്‍പ്പ്
ഇരിങ്ങാലക്കുട: വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തെ ഇരുമുന്നണികളെയും നയിക്കുന്നതെന്ന് ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. വിജയ യാത്രക്ക് ഇരിങ്ങാലക്കുടയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളും, സ്വഭാവത്തിലും, പ്രവൃത്തിയിലും ഭരണരംഗത്തും സമാന സ്വാഭാവമാണ് പുലര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏറെ സഹായിച്ചിട്ടും, കേരളത്തില്‍ വികസനത്തിന് അനുകൂല സഹാചര്യം ഉണ്ടായിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനാകുന്നില്ല. അഴിമതിയുടെ കാര്യത്തിലും ഖജനാവ് കൊള്ളയടിക്കുന്ന കാര്യത്തിലും എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്പക്ഷികള് ആണ്. അഴിമതിമുക്ത ഭരണം എന്ന നരേന്ദ്ര മോദി മന്ത്രം കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നതിന് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം കേരളത്തില്‍ അധികാരത്തില്‍ വരണം. അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന് കേരളത്തില്‍ വേരോട്ടം ഉണ്ടായതായും കെ. സുരേന്ദ്രന് പറഞ്ഞു. നിയോജകമണ്ഡലാതിര്ത്തിയായ കോന്തിപുലം പാടത്തു നിന്നും നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്രയെ സ്വീകരിച്ചാനയിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട ആല്ത്തറക്കല് വച്ച്് ഇരിങ്ങാലക്കുട-ചാലക്കുടി മണ്ഡലം ഭാരവാഹികള്‍ ചേര്‍ന്ന് യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് കാവടി, വാദ്യഘോഷങ്ങളോടെയാണ് യാത്രയെ സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. നിയോജകമണ്ഡലം അധ്യക്ഷന്‍ കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജക ണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്ല കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണയോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ആമുഖപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണു മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറി കവിത ബിജു എന്നിവര്‍ നേതൃത്വം നല്കി.