ഇല്ലിക്കല്‍ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞ സ്ഥലത്ത് താത്കാലിക പണികള്‍ തുടങ്ങി
കരുവന്നൂര്‍: ഇല്ലിക്കല്‍ റെഗുലേറ്ററിനു സമീപം ബണ്ട് റോഡ് ഇടിഞ്ഞുപോയ ഭാഗത്ത് മണല്‍ചാക്കുകള്‍ വെച്ചുള്ള താത്കാലിക നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണു നിര്‍മാണ പ്രവൃത്തികള്‍. ഇടിഞ്ഞ ഭാഗത്ത് മുളകള്‍ കെട്ടിവെച്ച് അതിനിടയില്‍ മണല്‍ചാക്കുകള്‍ നിറച്ച് ബണ്ട് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. 2018 ലെ പ്രളയ സമയത്താണ് പുഴയോടു ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മൂര്‍ക്കനാട് കാറളം ബണ്ട് ഇല്ലിക്കല്‍ ഡാമിനു സമീപം ഇടിഞ്ഞത്. തുടര്‍ന്ന് അടിയന്തരമായ അരിക് കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കൃഷിമന്ത്രി അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷമായി യാതൊരു നിര്‍മാണപ്രവൃത്തികളും നടത്തിയിരുന്നില്ല. ഇതിനിടയിലാണ് ഈ വര്‍ഷം മേയ് ആദ്യവാരം കനത്ത മഴയില്‍ അതേ സ്ഥലത്ത് റോഡ് കൂടുതല്‍ ഇടിഞ്ഞത്. അടിയന്തരമായി ബണ്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോടു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താത്കാലിക സംവിധാനം ഒരുക്കാമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ വൈകിയതോടെ കോണ്‍ഗ്രസ് കാറളം, പൊറത്തിശേരി മണ്ഡലം കമ്മിറ്റികള്‍ ഇതിനെതിരേ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു. മുളകള്‍ കിട്ടാന്‍ കാലതാമസം നേരിട്ടതാണ് നിര്‍മാണപ്രവൃത്തികള്‍ വൈകാന്‍ കാരണമെന്നു ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ താത്കാലിക സംവിധാനം ശാശ്വതമല്ലെന്നും കരിങ്കല്ലുപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിച്ചാല്‍ മാത്രമേ ബണ്ട് റോഡ് ഇടിയാതിരിക്കുകയുള്ളൂവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആറുമീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും കരിങ്കല്ല് കെട്ടി സംരക്ഷിച്ചാല്‍ മാത്രമേ ബണ്ട് ശാശ്വതമായി ബലപ്പെടുത്തുവാന്‍ സാധീക്കൂ. ഇതിനു ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരും. ഇത് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി വിശദമായ എസ്റ്റിമേറ്റ് തയാറാക്കി നല്കാന് ഇറിഗേഷന്‍ വകുപ്പിനോടു നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്.