ചന്തക്കുന്ന് ജംഗ്ഷനിലെ ചതിക്കുഴികള്‍ മരണകെണിയാകുന്നു
ഇരിങ്ങാലക്കുട: ടൗണിലെ ചന്തക്കുന്ന് ജംഗ്ഷനിലെ റോഡില്‍ മരണക്കെണിയുമായി വന്‍ കുഴികള്‍. ഇതോടെ ഇതു വഴിയുള്ള നഗരയാത്ര പലപ്പോഴും നരകയാത്രയാകുന്ന അവസ്ഥയാണ്. തിരക്കേറിയ ഈ ജംഗ്ഷനില്‍ വഴിയാത്രക്കാര്‍ക്കും ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്ര ഒരു ഞാണിന്മേല് കളിയാണ്. ഏതു സമയത്താണു റോഡിന്റെ നടുക്കുള്ള കുഴികള്‍ മരണകെണികളാകുന്നതെന്നു പറയുക അസാധ്യം. ഠാണാ ജംഗ്ഷനിലും ഇതുപോലെ കുഴിയുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പു ഇതു നികത്തുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയില്‍ അധികൃതര്‍ക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന അധികൃതര്‍ യഥാര്‍ഥത്തില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മഴ കനത്തതോടെയാണു ഇവിടെ റോഡ് തകര്‍ന്നത്. മഴ കനത്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതും അപകടത്തിനിടയാക്കുന്നു. വലിയ കുഴികളില്‍ ചാടി ഇരുചക്രവാഹനയാത്രികര്ക്കു പലപ്പോഴും അപകടം സംഭവിക്കുന്നുണ്ട്. കൂടാതെ ചെറുകാറുകളും മറ്റും കുഴികളില്‍ വീണ് വാഹനത്തിനു കേടുപാട് സംഭവിക്കുന്നതും സാധാരണമാണ്. നഗരത്തില്‍ ഠാണാ ജംഗ്ഷനിലടക്കമുള്ള പല റോഡുകളിലെയും കുഴികള്‍ അടക്കുന്നതിനു അധികൃതര്‍ നടപടി സ്വീകരിച്ചെങ്കിലും മഴ ശക്തമായതോടെ ഇവ പഴയ സ്ഥിതിയിലായി. വാഹനങ്ങള്‍ ഈ കുഴിയില്പ്പെടുന്നതു നിത്യസംഭവമാണ്. അകലെ നിന്നുവരുന്ന വാഹനങ്ങള്‍ക്കു ഈ കുഴി കാണാനും കഴിയില്ല. അധികൃതരുടെ നിലപാടില്‍ യാത്രക്കാരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നിയോജകമണ്ഡലം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചന്തക്കുന്ന് സെന്ററിലെ കുഴികളില്‍ റീത്തുവെച്ച് പ്രതിഷേധിച്ചു. ചന്തക്കുന്ന് സെന്ററിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്കു ഉടന്‍ അധികാരികള്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങളുമായി മുന്നിട്ടിറങ്ങുമെന്ന് യുവമോര്‍ച്ച മുന്നറിയിപ്പു നല്കി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ ശ്യാംജി മാടത്തിങ്കല്‍, ജനറല്‍ സെക്രട്ടറി ജിനു ഗിരിജന്‍, ഹരിശങ്കര്‍, ബിജെപി ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
ചിത്രം- ഷിഹാബ് എം.എ