ഗ്രീന്‍ പുല്ലൂര്‍ വാഴഗ്രാമം പദ്ധതി ആരംഭിച്ചു
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയില്‍ അണിചേര്‍ന്നു കൊണ്ട് ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കാല് ലക്ഷം വാഴ വെച്ചു പിടിപ്പിക്കുന്ന പദ്ധതിയായ വാഴഗ്രാമത്തിനു തുടക്കം കുറിച്ചു. ആദ്യ ഘട്ടമായി 5000 വീടുകളിലേക്കു നേരിട്ട് വാഴതൈകള്‍ എത്തിക്കുകയാണു ഗ്രീന്‍ പുല്ലൂര്‍ പ്രവര്‍ത്തകര്‍. പദ്ധതിയുടെ ഉദ്ഘാടനം ഊരകം ബ്രാഞ്ചിനു സമീപം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു. ഭരണ സമിതി അംഗങ്ങളായ വാസന്തി അനില്‍കുമാര്‍, എന്‍.കെ. കൃഷ്ണന്, ഐ.എന്‍. രവി, ടി.കെ. ശശി, സുജാത മുരളി, ഷീല ജയരാജ്, രാധ സുബ്രഹ്മണ്യന്, പി.സി. അനൂപ്, എം.സി. അനീഷ്, പി.വി. രാജേഷ്, തോമസ് കാട്ടൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി. പുല്ലൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗ്രീന്‍ പുല്ലൂര്‍ പദ്ധതി നാലു വര്‍ഷം പിന്നിട്ടു. പുല്ലൂരിനെ പച്ചക്കറിയിലും കാര്‍ഷിക രംഗത്തും സ്വയം പര്യാപ്തമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് അതിലെ അംഗങ്ങളുടെ വീടുകളിലേക്കു വിത്തും വളവും വിദഗ്ധോപദേശവും നല്കുകയാണു ചെയ്യുന്നത്. സ്വയംസഹായ സംഘങ്ങള്‍, ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലെ 56 സംഘങ്ങളില്‍ 1100 പേരാണുള്ളത്. സ്വയം സഹായ സംഘങ്ങളില്‍ 10 മുതല്‍ 20 വരെ അംഗങ്ങളും ജെഎല്‍ജിയില്‍ അഞ്ചു മുതല്‍ 10 വരെ അംഗങ്ങളുമുണ്ട്. നബാഡിന്റെ സഹായങ്ങളും ഗ്രീന്‍ പുല്ലൂരിനു ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണ സ്വയം സഹായ സംഘങ്ങള്‍ വഴി സൗജന്യമായി പച്ചക്കറി തൈകളും വിത്തുകളും വീടുകളിലേക്കു എത്തിച്ചു കൊടുക്കും. കോവിഡ് കാലത്ത് 1800 വീടുകളില്‍ തൈകളും വിത്തുകളും എത്തിച്ചു നല്കി. അതു നല്ല രീതിയില്‍ എല്ലാവരും വെച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഒരേക്കര്‍ സ്ഥലത്ത് കര്‍ഷകര്‍ക്കായി ആരംഭിച്ച കാര്‍ഷിക സേവന കേന്ദ്രത്തില്‍ എല്ലാ തരത്തിലുമുള്ള പച്ചക്കറിത്തൈകള്‍, ഫലവൃക്ഷത്തൈകള്‍ എന്നിവ വില്പനക്കായി ഒരുക്കിയിട്ടുണ്ട്. തെങ്ങുകളുടെ എണ്ണം കൂട്ടാനുള്ള നീക്കത്തില്‍ കേരഗ്രാമം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഗ്രീന്‍ ക്ലിനിക്കും പദ്ധതിയുടെ ഭാഗമാണ്. ആഴ്ചയില്‍ ഒരിക്കല്‍ കൃഷി ഡോക്ടറുടെ സേവനവും കര്‍ഷകര്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്. വളത്തിനായി കര്‍ഷകമിത്രം എന്ന പേരില്‍ വളം വില്പന കേന്ദ്രവും തുടങ്ങി. കോഴിയും കൂടും പദ്ധതി നടപ്പിലാക്കി 110 കുടുംബങ്ങള്‍ക്കു കോഴികളും കൂടുകളും എത്തിച്ചു. ഇതിനോടൊപ്പം ആടും കൂടും പദ്ധതി, മത്സ്യകൃഷി പദ്ധതി എന്നിവയും നടപ്പിലാക്കും.