സാമൂഹിക വളര്‍ച്ചക്ക് ചരിത്രാവബോധം അനിവാര്യം: എന്‍.കെ ഉദയപ്രകാശ്
പുല്ലൂര്‍: ചരിത്രാവബോധമുള്ള തലമുറക്ക് മാത്രമേ നാടിന്റെ നന്മകളെ ഉള്‍കൊള്ളാനും നാടിനു നല്ലതു ചെയ്യാനും നാടിനെ മുന്നോട്ട് നയിക്കാനും കഴിയൂ എന്നു തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വില്ലേജിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പ്രതിഭാ പുരസ്കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ തിരിച്ചറിവ് ഉണ്ടാക്കാനും, ചരിത്രത്തെ തിരിച്ചു പിടിക്കാനും, ചരിത്രത്തെ പുറകോട്ടു വലിക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്ലൂരിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള മികവിനു ആദരം പരിപാടി വനിതാ ഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ആദരവ് ഏറ്റു വാങ്ങിയ വിദ്യാര്‍ഥികള്‍ക്കു പ്രതിഭ പുരസ്കാര സമര്‍പ്പണത്തിന്റെ ഭാഗമായി കാഷ് അവാര്‍ഡും ഉപഹാരവും പുസ്തകവും ഹരിതോപഹാരവും മികവിന് ആദരവിനു അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു ഉപഹാരവും ഹരിതോപഹാരവും പുസ്തകവും സമര്‍പ്പിച്ചു. ഭരണസമിതി അംഗങ്ങളായ ടി.കെ. ശശി, വാസന്തി അനില്‍കുമാര്‍, ഐ.എന്‍. രവി, എന്‍.കെ. കൃഷ്ണന്, രാധ സുബ്രന്, ഷീല ജയരാജ്, സുജാത മുരളി, അനൂപ് പായമ്മല്‍, എന്‍.സി. അനീഷ്, തോമസ് കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.