ആദ്യം പണിതുയർത്താം പിന്നെ നശിപ്പിക്കാം… 35 ലക്ഷം രൂപ ചെലവിട്ടതിന്റെ ഗുണം ആർക്ക് ?
വനിതകൾക്കുവേണ്ടി നിർമിച്ച വ്യവസായ പരിശീലന കേന്ദ്രത്തിൽ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല
ഇരിങ്ങാലക്കുട: ആദ്യം പണിതുയർത്താം പിന്നെ നശിപ്പിക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയെ തെളിവാണു ഇരിങ്ങാലക്കുട ആസാദ് റോഡിലുള്ള ജവഹർ കോളനി പരിസരത്തെ വനിതാ വ്യവസായ കേന്ദ്രം. 35 ലക്ഷം രൂപ ചെലവാക്കി പണിതിട്ടുള്ള ഈ കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവ സംരക്ഷിക്കാനോ പ്രവർത്തനസജ്ജമാക്കാനോ നഗരസഭ അധികൃതർക്കു കഴിയുന്നില്ല. 2014 ഫെബ്രുവരി 14 നു മന്ത്രി കെ. ബാബുവാണ് വനിതാവ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വനിതകൾക്കുവേണ്ടി നിർമിച്ച ഈ വ്യവസായ പരിശീലന കേന്ദ്രത്തിൽ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. 10 തയ്യൽ മെഷീനുകൾ കൊണ്ടുവന്നിട്ടിരുന്നുവെങ്കിലും 2018 ലെ പ്രളയത്തിൽ ഇവ വെള്ളത്തിനടിയിലായി. അവ തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയ അവസ്ഥയിലാണ്. ഈ പരിസരം കാടു കയറിയതിനാൽ ഇഴജന്തുക്കളുടെ വിരഹ കേന്ദ്രമാണിവിടെ. കഴിഞ്ഞ രണ്ടു തവണ നഗരസഭാ ഭരണം വനിതകൾ ആയിരുന്നിട്ടുകൂടി വനിതകളുടെ ക്ഷേമത്തിനായുള്ള ഈ പദ്ധതിക്കു തുടക്കം കുറിക്കാത്തതിൽ ഏറെ വിമർശനങ്ങൾ ഉയർന്നീട്ടുണ്ട്.