2020 ലെ ഭിന്നശേഷി സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശി പണ്ടു സിന്ധുവിന്
ഇരിങ്ങാലക്കുട: 2020 ലെ ഭിന്നശേഷി സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശിക്ക്. അസ്ഥിപരിമിത വിഭാഗത്തിലെ മികച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുരസ്കാരമാണു ഇരിങ്ങാലക്കുട പഞ്ചായത്ത് വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ പണ്ടു സിന്ധുവിനു ലഭിച്ചത്.
വൈകല്യങ്ങള്‍ മറന്ന് കോവിഡിനെതിരെ പട നയിച്ച വ്യക്തിത്വം
ഇരിങ്ങാലക്കുട: പൂര്‍ണ ആരോഗ്യവാന്മാരായ പലരും കോവിഡിനെ ഭയന്നു കതകടച്ചിരിക്കുമ്പോള്‍ പരിമിതികളെ സാധ്യമാക്കി മാറ്റുകയായിരുന്നു സര്‍ക്കാര്‍ ജീവനക്കാരിയായ സിന്ധു. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് വകുപ്പില്‍ സൂപ്പര്‍വൈസറായ സിന്ധുവിനു തൃശൂര്‍ ജില്ലയിലെ 13 പഞ്ചായത്തുകളിലെ ചാര്ജാണുണ്ടായിരുന്നത്. മുരിയാട്, പറപ്പൂക്കര, കാട്ടൂര്‍, കാറളം, വെള്ളാങ്കല്ലൂര്‍, വേളൂക്കര, പടിയൂര്‍, കുഴൂര്‍, പൊയ്യ, മാള, എറിയാട്, എടവിലങ്ങ്, പുത്തന്‍ചിറ എന്നീ പഞ്ചായത്തുകളിലാണു സിന്ധുവിനു ചുമതലയുള്ളത്. കോവിഡ് പ്രതിരോധ സമയത്തെ ജോലികളില്‍ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കിയിരുന്നുവെങ്കിലും സിന്ധു നല്കിയ അപേക്ഷ പരിഗണിച്ചാണു ചുമതലകള്‍ നല്‍കിയത്. പ്രത്യേകം രൂപകല്പന ചെയ്ത കാര്‍ സ്വയം ഓടിച്ച് ദിവസവും നൂറു കിലോമീറ്ററിലധികം യാത്ര ചെയ്തു തനിക്ക് ചുമതലയുള്ള 13 പഞ്ചായത്തുകളിലെത്തും. പഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും കമ്യൂണിറ്റി കിച്ചണിന്റെയും മേല്‍നോട്ട ചുമതല സിന്ധുവിനാണ്. അതിഥി തൊഴിലാളി ക്യാമ്പുകളുടെ നിലവാരമുള്പ്പെടെ വിലയിരുത്തുന്നതും സിന്ധു തന്നെ. ഏഴു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ അതിഥി തൊഴിലാളികള്‍ തിങ്ങി പാര്ക്കുന്നിടങ്ങളിലും സിന്ധു അവര്‍ക്കു മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് പ്രതിരോധത്തെ കുറിച്ചും മറ്റു സംശയങ്ങള്‍ ദുരീകരിക്കുന്നതും സിന്ധു തന്നെയാണ്. റെയില്‍വെ ചീഫ് സൂപ്പര്‍വൈസറായിരുന്നു പിതാവ്. അതിനാല്‍ ആന്ധ്രയിലാണു ജനിച്ചതും വളര്‍ന്നതും. നാലര വയസില്‍ പിള്ളവാതം ഇരുകാലുകളെയും തളര്‍ത്തി. ജോലിയില്‍ നിന്നു വിരമിച്ച അച്ഛനൊപ്പം തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണു സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉറച്ച തീരുമാനമെടുത്തത്. ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദം നേടിയ സിന്ധുവിന്റെ കൈമുതല്‍ ഹിന്ദിയും തെലുങ്കുമായിരുന്നു. അമ്മയാണു മലയാളം അക്ഷരങ്ങളെ പരിചയപ്പെടുത്തിയത്. പിഎസ്സി കോച്ചിംഗിനു ചേരണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കുടുംബം മകള്‍ക്കൊപ്പം നിന്നു. മലയാളത്തിലെ ക്ലാസുകള്‍ ഹിന്ദിയിലും തെലുങ്കിലുമെല്ലാമായി കുറിച്ചെടുത്തു. രാത്രിയും പുലര്‍ച്ചെയും കൃത്യതയോടെ നടത്തിയ പഠനം ആദ്യ പരീക്ഷയില്‍ തന്നെ റാങ്ക് ലിസ്റ്റിലെത്താന്‍ സഹായിച്ചു. 23-ാം വയസില്‍ കേരളത്തിലെത്തുമ്പോള്‍ പണ്ഡു സിന്ധുവിനു മലയാളം അറിയില്ലായിരുന്നു. സര്‍ക്കാര്‍ ജോലിയിലെത്തണമെന്നതു വാശിയായിരുന്നു. അതു നേടി. ജോലി നേടിയതോടെ ആദ്യം മുച്ചക്രസ്കൂട്ടറും പിന്നീട് നാലുചക്രവാഹനവും സ്വന്തമാക്കി. വാഹനമോടിച്ചാണു ഇവര്‍ ജോലിക്കു പോകുന്നത്. ഇതിനിടയിലാണു ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശി അധിയാരത്തില് വീട്ടില്‍ ജയകുമാറുമായുള്ള വിവാഹം. ഈ ദമ്പതികളുടെ മകള്‍ അവ്യുക്ത കൃഷ്ണ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വിധി ഇരുകാലുകളും തളര്‍ത്തിയിട്ടും നിരാശയുടെ നിശബ്ദദതയില്‍ ഒളിക്കാതെ നിറമുള്ള നാളെകളിലേക്കു ആത്മവിശ്വാസത്തോടെ കാലൂന്നുകയാണ് അവള്.