കൂടൽമാണിക്യക്ഷേത്ര ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുന്നതിന്റെ മുന്നോടിയായി നടന്ന കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് മാറ്റി വച്ച കഴിഞ്ഞ വർഷത്തെ കൂടൽമാണിക്യക്ഷേത്ര ഉത്സവം ഈ മാസം 28 മുതൽ ചടങ്ങുകൾ മാത്രമായി നടത്തുന്നതിന്റെ മുന്നോടിയായി നടന്ന കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം. കിഴക്കേ നടപ്പുരയിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എ.എം. സുമം, ഭരണസമിതി അംഗം കെ.ജി. സുരേഷ്, മാനേജർ രാജലക്ഷ്മി, ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. പലവ്യഞ്ജനങ്ങൾ, അരി, പച്ചക്കറികൾ, എണ്ണ, നാളികേരം, നെയ്യ്, ശർക്കര എന്നിവ ഭക്തജനങ്ങൾ സമർപ്പിച്ചു. ഉത്സവ ദിനങ്ങളിൽ അന്നദാനം ഉണ്ടാകില്ലെങ്കിലും ക്ഷേത്രം പ്രവൃത്തിക്കാർക്കായി ഇവ വിനിയോഗിക്കുമെന്നു ദേവസ്വം അധികൃതർ അറിയിച്ചു. ചടങ്ങുകൾ മാത്രമായി ഈ മാസം 28 മുതൽ ഏപ്രിൽ ഏഴു വരെയാണു 2020 ലെ ഉത്സവം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.