പോളിംഗ് കുറഞ്ഞത് ആരെ തുണക്കും, പ്രതീക്ഷ കൈവിടാതെ മുന്നണികള്‍
ഇരിങ്ങാലക്കുട: കോവിഡ് കാലത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പിനെക്കാളും മണ്ഡലത്തില്‍ പോളിംഗ് ശതമാനത്തില്‍ കുറവുണ്ടായത് ആര്‍ക്കു തുണയാകുമെന്ന കാര്യത്തില്‍ ആശങ്കയും ഒപ്പും പ്രതീക്ഷയുമാണുള്ളത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടിംഗ് ശതമാനത്തേക്കാള്‍ നിയോജകമണ്ഡലത്തില്‍ ഇത്തവണ വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. മെച്ചപ്പെട്ട പ്രകടനം തന്നെയാണ് നടത്തിയിട്ടുള്ളതെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്. 2016-ല്‍ 77.8 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇക്കുറി മൂന്ന് ശതമാനത്തോളം കുറഞ്ഞ് 74.79 ശതമാനം പോളിംഗാണ് നടന്നത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 105673 സ്ത്രീകളും 96175 പുരുഷന്മാരും ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍മാരുമടക്കം 201857 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 71621 പുരുഷന്മാരും 79381 സ്ത്രീകളുമടക്കം 151006 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും മികച്ച പ്രകടനം കാഴ്ചവെച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് അഡ്വ.എം.എസ്. അനില്‍കുമാര്‍ പറഞ്ഞു. മൂന്ന് സ്ഥാനാര്‍ഥികളില്‍ ജനങ്ങളുടെ പ്രതീക്ഷ ഉണ്ണിയാടനിലാണ്. മറ്റുള്ളവര്‍ക്ക് അദ്ദേഹത്തെപോലെ സ്വീകാര്യത ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ എംഎല്‍എ മണ്ഡലത്തില്‍ ഉണ്ടാക്കിവെച്ച വികസന മുരടിപ്പ് ഉണ്ണിയാടന് ഗുണം ചെയ്യും. സംസ്ഥാനത്ത് മുഴുവന്‍ യുഡിഎഫ് തരംഗമുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് നേടിയ ഭൂരിപക്ഷം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും നേടാനാകുമെന്ന് അഡ്വ. എംഎസ് അനില്‍ കുമാര്‍ വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ സീറ്റ് നിലനിര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച വിജയം നേടിയിട്ടുണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അടിയൊഴുക്കുകളൊന്നും ഇല്ലെങ്കില്‍ മികച്ച വിജയം നേടാനാകും. ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിലെ വികസനങ്ങളും സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയുമാണ് വിജയത്തിന് സാധ്യതയേറുന്നതെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ഉല്ലാസ് കളക്കാട്ട് പറഞ്ഞു. ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎക്ക് സാധിച്ചതായി എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കൃപേഷ് ചെമ്മണ്ട പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് വിശ്വാസം. വളരെ നല്ലനിലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രചാരണം നടത്താന്‍ സാധിച്ചിട്ടുണ്ട്. ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് കൃപേഷ് ചെമ്മണ്ട പറഞ്ഞു.